തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിന് ഒരു കാലത്തും സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. എന്നാല്‍ ഇന്ന് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പലരാഷ്ട്രീയ കക്ഷികളും മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ, ഇത് ശബരിമലയ്ക്ക് ഒട്ടും ഗുണംചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് റിവ്യൂ ഹര്‍ജിയുമായി സുപ്രീംകോടതിയില്പ്പോയാല് ഒരു പ്രയോജനവുമുണ്ടാകില്ല. പണ്ടുകാലത്ത് വീട്ടില്‍ തിരിച്ചെത്തുമെന്ന ഉറപ്പില്ലാതെയാണ് ശബരിമലയ്ക്ക് പോയിരുന്നത്. അത്ര കഠിനമായിരുന്നു യാത്ര. ആ സാഹചര്യത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് പ്രായോഗികമായിരുന്നില്ല. അതാണ് പിന്നീട് ആചാരമായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനിയന്ത്രിതമായ തിരക്കുള്ള വൃശ്ചികം, ധനു, മകരം മാസങ്ങളില്‍ സ്ത്രീകള്‍ സന്ദര്‍ശനം നടത്തുന്നത് പ്രായോഗികമല്ല. എല്ലാ മലയാള മാസവും ഒന്നുമുതല്‍ അഞ്ചുവരെ നടതുറക്കുന്നത് പത്തുവരെ ദീര്‍ഘിപ്പിച്ച് സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കണമെന്നും തിരക്ക് നിയന്ത്രിക്കാന്‍ തിരുപ്പതി രീതി ഇവിടെയും അവലംബിക്കാവുന്നതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.