കൊച്ചി: ശബരിമല പ്രവേശനത്തില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന മോഡല്‍ രശ്മി നായരുടെ ആരോപണങ്ങള്‍ തള്ളി രഹ്ന ഫാത്തിമ. രശ്മിയുടെ ആരോപണത്തിനു പിന്നാല് പകപോക്കലെന്നാണ് രഹ്ന പറയുന്നത്. സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത് പച്ചക്കള്ളമാണെന്നും അവര്‍ തുറന്നടിച്ചു.
ബിജെപി നേതാവ് കെ സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്തു കൂടിക്കാഴ്ച നടത്തിയെന്നും കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണു ശബരിമല സന്ദര്‍ശനമെന്നുമായിരുന്നു രശ്മി നായര്‍ കുറിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്നയുടെ യാത്ര പാതിവഴിയില്‍ തടസ്സപ്പെട്ടതും എന്നും രശ്മി കുറിച്ചിരുന്നു. ഈ ആരോപണത്തോട് പ്രതികരിച്ചാണ് രഹ്ന രംഗത്തെത്തിയിരിക്കുന്നത്.
2 വര്‍ഷം മുന്‍പ് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ ശബരിമലയിലെ യുവതീ പ്രവേശത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാല്‍ അന്ന് ടാഗ് ആക്സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താന്‍ മംഗലാപുരത്തു കണ്ടെന്നും അതിന് അവര്‍ക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നതു നുണയാണ്. സെക്സ് റാക്കറ്റ് കേസില്‍ രശ്മിയും രാഹുല്‍ പശുപാലനും അറസ്റ്റിലായപ്പോള്‍ അവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു.
വെള്ളിയാഴ്ച രാവിലെ ശബരിമലയിലെ നടപ്പന്തല്‍ വരെ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നടിയും മോഡലുമായ രഹ്നയ്ക്കു പ്രതിഷേധത്തെത്തുടര്‍ന്നു മടങ്ങിയിരുന്നു. രാവിലെ കുടുംബവുമായി ശബരിമല കയറാനെത്തിയ രഹ്നയെ വിശ്വാസികള്‍ നടപ്പന്തലിനു സമീപം തടഞ്ഞിരുന്നു. ഹെല്‍മറ്റ് ധരിച്ച് കനത്ത പോലീസ് സുരക്ഷയിലാണ് നടപ്പന്തല്‍ വരെ എത്തിയത്. രഹ്നയുടെ ശബരിമല സന്ദര്‍ശനം പുറത്തു വന്നതോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ 2 പേര് ഇവരുടെ എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സിലെ വീട് തല്ലി തകര്‍ത്തു.