പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ പമ്പയിലും നിലയ്ക്കലിലും അഴിച്ചു വിട്ട അക്രമത്തില്‍ ആദിവാസികളെ പ്രതികളാക്കുവാന്‍ ശ്രമം നടക്കുന്നതായി പട്ടികജാതി/വര്‍ഗ ഐക്യവേദി ഭാരവാഹികള്‍. സമരത്തില്‍ അയ്യപ്പ ഭക്തരാണെന്ന് പറഞ്ഞ് ആദിവാസി ജനങ്ങളെ സമരത്തിനിറക്കിയശേഷം നടന്ന അക്രമങ്ങളില്‍ ഒന്നും അറിയാത്ത ജനങ്ങളെ ബലിയാടുകളാക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
നാമജപമെന്ന പേരില്‍ അട്ടത്തോട് കോളനിയിലെ ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ നിലയ്ക്കലില്‍ പര്‍ണശാല കെട്ടി കഴിഞ്ഞ നാളുകളില്‍ സമരത്തിനിറക്കിയിരുന്നു. കഴിഞ്ഞദിവസം റോഡിലിറങ്ങി വാഹനം തടയാനും ആത്മാഹൂതി നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സമരത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ഇപ്പോള്‍ ആദിവാസികളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു.
കഴിഞ്ഞദിവസങ്ങളില്‍ നിലയ്ക്കലും പമ്പയിലും ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരില്‍ പ്രതിചേര്ക്കപ്പെട്ടവരേറെയും ആദിവാസികളാണ്. ഇവരെ വഞ്ചിക്കുന്ന സമീപനമാണ് സമരരംഗത്തുള്ളവരില്‍ പലരും സ്വീകരിക്കുന്നത്. രോഗികളും ശാരീരിക പ്രശ്നങ്ങളുള്ളവരുമായ സ്ത്രീകളെ വരെ സമരരംഗത്തിറക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോളനിയില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ളവരും രാഹുല്‍ ഈശ്വറുമൊക്കെ എത്തി പ്രചാരണം നടത്തിയിരുന്നു. സമരക്കാരെ കരുവാക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു.