പുല്‍പ്പള്ളി: നിസാരക്കാരനെന്നു കരുതിയ പ്രമേഹം കവര്‍ന്നത് അമ്മിണിയുടെ ഇരുകാലുകളായിരുന്നു. ഇതോടെ 83കാരി തീരാ ദുരിതത്തില്‍. പ്രമേഹത്തെ തുടര്‍ന്നാണ് കാപ്പിസെറ്റ് കുറ്റിവയല്‍ അമ്മിണിയുടെ ഇരു കാലുകളും മുറിച്ചു മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് അമ്മിണിയുടെ ശസ്ത്രക്രിയ നടത്തിയത്.
ഇപ്പോള്‍ തുടര്‍ചികിത്സയ്ക്കായി പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ കഴിയുന്ന അമ്മിണി ചികിത്സയ്ക്കും ഭക്ഷണത്തിനും പണമില്ലാതെ വലയുകയാണ്. മകന് രവീന്ദ്രനാണ് അമ്മിണിയുടെ ഏക ആശ്രയം. എന്നാല്‍ രക്തസമ്മര്‍ദം കാരണം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രവീന്ദ്രന് കൂലിപ്പണിക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. രവീന്ദ്രന്റെ ഭാര്യ മിനിയാണ് തൊഴിലുറപ്പ് പദ്ധതിക്കും മറ്റും പോയി കുടുബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ അമ്മിണിയമ്മ കിടപ്പിലായതോടെ ആ വെളിച്ചവും ഇരുട്ടിലായി.
അമ്മിണിയെ പരിചരിക്കുകയാണ് മിനി. ഇതോടെ ജീവിതച്ചെലവിന് വക കണ്ടെത്താനാവാതെ വലയുകയാണ് ഈ കുടുംബം. കാപ്പിസെറ്റിലുള്ള അഞ്ച് സെന്റ് ഭൂമി മാത്രമാണ് കുടുംബത്തിന് സ്വന്തമായുള്ളത്. ഇവിടേക്ക് വഴിയില്ലാത്തതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ ഏറെ ബുദ്ധിമുട്ടിയാണ് അമ്മിണിയെ ആശുപത്രിയിലേക്കെത്തിക്കുന്നത്. തങ്ങളുടെ ദുരിതജീവിതം കണ്ട് സുമനസ്സുകള്‍ സഹായവുമായി എത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഈ കുടുംബം.