തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം കേരളത്തില്‍ വലിയ പ്രശനമായി മാറിയ സാഹചര്യത്തില്‍ സമൂഹത്തോട് ചോദ്യമുയര്‍ത്തി ട്രാന്‍സ് ജെന്‍ഡര്‍ നായിക അഞ്ജലി അമീര്‍. ശബരിമല വിഷയത്തില്‍ ആര്‍ത്തവമാണ് പ്രധാന പ്രശ്നമായി വരുന്നതെന്നതെങ്കില് ആര്‍ത്തവമില്ലാത്ത ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ പോകാനാകുമോ എന്ന് അഞ്ജലി അമീര്‍ ചോദിച്ചു.
ആ കാര്യങ്ങള്‍ ഒന്നും തന്നെ എവിടെയും പരാമര്‍ശിക്കുന്നില്ലെങ്കിലും തങ്ങളിലുള്ള വിശ്വാസികളും ആചാരങ്ങള്‍ പ്രകാരം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് അഞ്ജലി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കാണുമ്പോള്‍ പേടിയാകുന്നു. വിശ്വാസികള്‍ പോകുന്നതിനോട് യോജിപ്പാണ്. പക്ഷേ നിരീശ്വരവാദികള്‍ എന്തിനാണ് മലയ്ക്ക് പോകാന്‍ ശ്രമിക്കുന്നതെന്ന് അഞ്ജലി ചോദിക്കുന്നു.
ഒരുപാട് കാലത്തെ ആചാരങ്ങള്‍ എന്തിനാണ് മാറ്റിമറിയ്ക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയിലെ സംഘട്ടനങ്ങളില്‍ പോലും ഒരു ജാതീയ വ്യവസ്ഥയാണ് കാണുന്നത്. മേല്ജാതിക്കാര് നാമജപത്തിലേര്‍പ്പെടുമ്പോള്‍ താഴെത്തട്ടിലുള്ളവര്‍ സംഘര്‍ഷമുണ്ടാക്കുന്നു. കാടിന്റെ മക്കളാണ് ആത്മഹത്യക്കൊരുങ്ങുന്നത്. വിശ്വാസികളല്ലാത്തവര്‍ എന്ത് പ്രക്ഷോഭം സൃഷ്ടിക്കാനാണ് ശബരിമലയില്‍ പോകുന്നതെന്ന് അഞ്ജലി ചോദിച്ചു.