തിരുവനന്തപുരം: എന്‍ജിനിയറിങ് ബിരുദ പഠനം സമഗ്രമായി പരിഷ്കരിക്കുന്നതിന് സാങ്കേതിക സര്‍വകലാശാല (കെടിയു) ബിടെക് റെഗുലേഷന് 2019 ന്റെ കരട് ആയി. 2014ല്‍ സര്‍വകലാശാല രൂപീകരിച്ചശേഷം നടപ്പാക്കിയ പാഠ്യപദ്ധതിയാണ് പരിഷ്കരിക്കുന്നത്. സംസ്ഥാനത്തെ എന്‍ജിനിയറിങ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരം ഉറപ്പാക്കുന്നതാണ് കരട് റെഗുലേഷനിലെ വ്യവസ്ഥകള്‍.
ബുധനാഴ്ച കെടിയു വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കരട് സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ചിട്ടുണ്ട്. കരട് റെഗുലേഷന് പ്രകാരം ബിടെക് വിജയകടമ്പ 45 ശതമാനം മാര്‍ക്കില്‍നിന്ന് 40 ശതമാനമാക്കി. വിജയിക്കാന്‍ 182 ക്രെഡിറ്റ് വേണമെന്നത് 162 ആക്കി.
ഇന്റേണല്‍ മാര്‍ക്ക് 45 ല്‍നിന്ന് 40 ആയി കുറച്ചിട്ടുണ്ട്. അതേ സമയം കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കാനുള്ള അക്കാദമിക്, അക്കാദമികേതര പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കും റെഗുലേഷന് വിഭാവനം ചെയ്യുന്നു.
സാങ്കേതിക വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് സെമസ്റ്ററുകളായി നാലുവര്‍ഷം എന്ന കോഴ്സ് കാലയളവില്‍ മാറ്റമില്ല. പരമാവധി കോഴ്സ് കാലയളവ് ആറ് വര്‍ഷവും 12 സെമസ്റ്റര്‍ കാലവും ആയിരിക്കും.
നിലവില്‍ ഒ മുതല്‍ പി വരെ വിജയശതമാനം കുറിക്കുന്ന ഗ്രേഡുകള്‍ക്കുള്ള പോയന്റുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 90 ശതമാനം മാര്‍ക്കിന് മുകളില്‍ ലഭിക്കുന്നവര്‍ക്ക് 10 പോയിന്റും ഒ ഗ്രേഡുമാണ്. 85 ശതമാനം മാര്‍ക്കിന് മുകളില്‍ എ പ്ലസ്, 80ന് മുകളില്‍ എ, 75 ശതമാനം മാര്‍ക്കിന് മുകളില്‍ ബി പ്ലസ്, 70 ശതമാനത്തിന് മുകളില്‍ ബി ഗ്രേഡുമാണ്.
തുടര്‍ന്നുള്ള സി പ്ലസ്, സി, ഡി, പി ഗ്രേഡുകള്‍ 5 ശതമാനം മാര്‍ക്കുകളുടെ വ്യത്യാസത്തിലാണ്. 2 വര്‍ഷത്തിനകം 20 ശതമാനം ക്രെഡിറ്റ് അധികം നേടുന്ന വിദ്യാര്‍ഥികള്‍ ബിടെക് മൈനര്‍ ഡിഗ്രിക്ക് അര്‍ഹരായിരിക്കും.
പഠനകാലത്ത് സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ ആവിഷ്കരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവധി ലഭ്യമാകും. ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജര്‍ നിര്‍ബന്ധം. വിദ്യാര്‍ഥികള്‍ക്ക് കോളേജ് മാറ്റത്തിനും സര്‍വകലാശാല മാറ്റത്തിനും വിദേശ സര്‍വകലാശാലകളുമായി സഹകരിച്ചുള്ള പഠനാവസരങ്ങള്‍ക്കും വ്യവസ്ഥകള്‍ ചേര്‍ത്തിട്ടുണ്ട്.
19 വിഭാഗത്തിലായുള്ള കരട് റെഗുലേഷനില്‍ സംസ്ഥാനത്തെ എന്‍ജിനിയറിങ് വിദ്യാഭ്യാസം സമഗ്രമായി പരിഷ്കരിക്കുന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രസിദ്ധീകരിച്ച കരടില്‍ നവംബര്‍ 15വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. 2019 ല്‍ ആരംഭിക്കുന്ന ആദ്യ സെമസ്റ്റര്‍ മുതല്‍ പുതിയ പാഠ്യപദ്ധതി നിലവില്‍വരും.