തിരുവനന്തപുരം: തുലാവര്‍ഷമെത്തും മുന്‍പേ ഈ മാസം സംസ്ഥാനത്ത് പെയ്തത് 41 ശതമാനം അധിക മഴ. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന തുലാവര്‍ഷക്കാലത്ത് ബുധനാഴ്ച വരെ സംസ്ഥാനത്തു പെയ്യേണ്ടിയിരുന്നത് 161 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ പെയ്തത് 227 മില്ലീമീറ്ററാണ്.
തുലാവര്‍ഷം എത്തും മുന്‍പു തന്നെ മികച്ച മഴ ലഭിച്ചതോടെ ഒരു വര്‍ഷത്തില്‍ കേരളത്തിനു കിട്ടേണ്ട ആകെ മഴയേക്കാള്‍ 12 ശതമാനം അധിക മഴയും ഇതിനോടകം ലഭിച്ചു കഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2924.7 മില്ലീമീറ്റര്‍ മഴയാണ് ഒരു വര്‍ഷം കേരളത്തിനു കിട്ടേണ്ടത്.
എന്നാല്‍ ഇന്നു വരെ 3281 മില്ലീമീറ്റര്‍ മഴ പെയ്തു. 37 ശതമാനം അധികം പെയ്ത വേനല്‍ മഴയ്ക്കു ശേഷം കേരളത്തെ പ്രളയത്തില്‍ മുക്കിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലെ തോരാ മഴയുമാണ് വാര്‍ഷിക മഴയുടെ കണക്ക് ഉയര്‍ത്തിയത്.
ഇതിനു പിന്നാലെ അറബിക്കടലില്‍ രൂപം കൊണ്ട ലുബാന് ചുഴലിക്കാറ്റിന്റെയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്ലി ചുഴലിക്കാറ്റിന്റെയും പ്രഭാവം തുലാവര്‍ഷം എത്തും മുന്‍പു തന്നെ കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമാവുകയും ചെയ്തതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യകതമാക്കുന്നത്.
അതേസമയം തുലാവര്‍ഷം അടുത്ത ആഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. തുലാവര്‍ഷം കഴിഞ്ഞ ആഴ്ച തന്നെ സംസ്ഥാനത്ത് പെയ്തു തുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തിത്ലി ചുഴലിക്കാറ്റായി മാറിയത് തുലാവര്‍ഷത്തിന്റെ വരവ് വൈകിപ്പിക്കാനിടയാക്കിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിശദീകരിക്കുന്നത്.