കൊച്ചി: പ്രശസ്ത മാളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. മണിപ്പൂര്‍ സ്വദേശിയായ വിജ്ജറി (24) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡാണ് അയാളെ പിടികൂടിയത്. ഇടപ്പള്ളി അരൂര്‍ ബൈപ്പാസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ദിവസങ്ങളായി ഇയാള്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്ന് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ ബി സുരേഷ് പറഞ്ഞു. മാളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാള്‍. വിദ്യാര്‍ത്ഥികള്‍ക്കാണ് ഇയാള്‍ കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത്. കൊച്ചിയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്കും ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നുവെന്നും എക്സൈസ് വ്യക്തമാക്കി.
രണ്ടു വര്‍ഷമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് പ്രതിയുടെ മൊഴി. ഭാര്യയോടും കുഞ്ഞിനോടുമൊപ്പമാണ് താമസമെന്നും ഇയാള്‍ പറയുന്നു. പ്രതിയുടെ മൊഴികള്‍ സ്ഥിരീകരിക്കുന്നതിനുള്ള അന്വേഷണം നടന്നുവരികയാണ്. ഇപ്പോള്‍ പിടിയിലായിരിക്കുന്നയാളിലൂടെ കഞ്ചാവ് കടത്ത് സംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനാണ് എക്സൈസിന്റെ ശ്രമം.