മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി ആദ്യ എയര്‍ ഇന്ത്യ വിമാനം പറക്കുക അബുദാബിയിലേക്ക്. ഡിസംബര്‍ 9ന് രാവിലെ 11 മണിക്കാണ് വിമാനം കണ്ണൂരില്‍ നിന്ന് പറന്നുയരുക. ഇതിനായി എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737800 വിമാനം നേരത്തെ കണ്ണൂരിലെത്തും.
യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് അബുദാബിയിലെത്തും. സമയക്രമം ഡയറക്ടേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) പരിഗണനയിലാണ്. ഇത് കൂടെ അംഗീകരിച്ചാല്‍ ഒരാഴ്ചയ്ക്കകം ടിക്കറ്റ് ബുക്കിങ് സൗകര്യം ആരംഭിക്കും. രണ്ടോ മൂന്നോ ദിവസത്തിനകം അംഗീകാരം ലഭിക്കുമെന്നാണു കരുതുന്നത്.
9ന് അബുദാബിയില്‍ നിന്നു കണ്ണൂരിലേക്കും സര്‍വീസുണ്ടാവും. യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8ന് കണ്ണൂരിലെത്തും. ദുബായിലേക്കും ഷാര്‍ജയിലേക്കും പ്രതിദിന സര്‍വീസുകളും എയര്‍ ഇന്ത്യ എക്സ്പ്രസിനുണ്ടാവും. അബുദാബിയിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസുകളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
മസ്കത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളുണ്ടാകും. ദോഹയിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസുകളും റിയാദിലേക്കു മൂന്നു സര്‍വീസുകളും ഉണ്ടാവും. എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി വാങ്ങിയ ബോയിങ് 737800 വിമാനങ്ങളില്‍ ഒന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്കു മാത്രമായി ഉപയോഗിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിനിധി അറിയിച്ചു.
എയര്‍ഇന്ത്യ എക്സ്പ്രസിന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള മേഖലയാണ് കണ്ണൂര്‍കാസര്‍കോട് ജില്ലകളെന്നും അവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും അറിയിച്ചു.