ആറ്റിങ്ങല്‍: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വീട്ടിലേയ്ക്ക് പാഞ്ഞുകയറിയ അപകടത്തില്‍ 16 പേര്‍ക്ക് പരിക്ക്. ആലംകോട് പൂവമ്പാറയ്ക്കു സമീപമാണ് അപകമുണ്ടായത്. നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ട ബസ് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് വീടിന്റെ മതിലും തകര്‍ത്തു കയറി സിറ്റൗട്ട് ഇടിച്ചുതകര്‍ത്താണ് നിന്നത്.
പാലോട് നിന്നും കിളിമാനൂര്‍ വഴി ആറ്റിങ്ങലിലേക്കു വരികയായിരുന്ന വേണാട് ബസാണ് അപകടത്തില്‍പ്പെട്ടത്. ആലംകോട് എഎസ്എം മന്‍സിലില്‍ ഷറഫുദ്ദീന്റെ വീട്ടിലേയ്ക്കാണ് ബസ് കയറിയത്. ഇതേസമയം മതിലിന്റെ ഭാഗങ്ങള്‍ തെറിച്ചുവീണു കാര്‍ പോര്‍ച്ചില്‍ കിടന്ന കാറിനും തകരാന്‍ സംഭവിച്ചു. പൂവമ്പാറയിലെ വളവിനടുത്ത് എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കണ്ടക്ടര്‍ ഡ്രൈവറോടു യാത്രയ്ക്കിടെ വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിയതാണ് അപകടമുണ്ടായതെന്ന് യാത്രികര്‍ ആരോപിച്ചു. ഈ സമയത്ത് ഷറഫുദ്ദീന്റെ വീട്ടിലുണ്ടായിരുന്നവര്‍ അയല്‍വീട്ടിലായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.