പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനംതിട്ട ബസ്സ് സ്റ്റാന്‍ഡില്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിയായ ലിബിയെയാണ് തടഞ്ഞത്. എന്നാല്‍ ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ലിബി വ്യക്തമാക്കി. നിലവില്‍ പോലീസ് സംരക്ഷണത്തിലാണ് ലിബി. എന്നാല്‍ കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് നേരത്തെ ലിബി പറഞ്ഞിരുന്നു.
ചേര്‍ത്തലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ലിബി സിഎസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമധ്യേ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. തുടര്‍ന്ന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയ ലിബിയെ അവിടെ വച്ച് യാത്രക്കാരും നാട്ടുകാരും തടയുകയായിരുന്നു. ലിബിയെ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ജനക്കൂട്ടം അവര്‍ക്ക് നേരെ തിരിഞ്ഞതോടെ പോലീസ് ഇവരെ അവിടെ നിന്നും മാറ്റി. പ്രകോപിതരായ നാട്ടുകാരുടെ ഇടയില്‍ നിന്നും വളരെ പണിപ്പെട്ടാണ് പോലീസ് സംഘം ലിബിയെ പുറത്ത് എത്തിച്ചത്.
ബസ് യാത്രക്കിടെ ശബരിമലക്കാണോ തങ്ങളുടെ ബാഗ് പരിശേധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഒരു സംഘം ആളുകള്‍ ലിബിയെയും കൂട്ടരെയും തടഞ്ഞിരുന്നു. യാത്ര തടസ്സപ്പെടുമെന്ന് കരുതി അവര്‍ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്കുകയായും വീണ്ടും യാത്ര തുടരുകയും ചെയ്തു. എന്നാല്‍ ഒരു കാരണവശാലും ലിബിയെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കനത്ത സുരക്ഷാ വലയം തന്നെ അവര്‍ക്ക് പോലീസുകാര്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. ലിബിക്കൊപ്പം അഭിഭാഷക ദമ്പതികളും ഒരു അധ്യാപികയും ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പിന്നീട് യാത്രയില്‍ നിന്നും പിന്മാറി.