കൊച്ചി: പുത്തനെന്ന വ്യാജേന ഉപയോഗിച്ച കാര്‍ വില്ക്കുന്നവര് സൂക്ഷിച്ചോളൂ.! വില്‍പ്പന നടത്തുന്ന ഡീലര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി. കാര്ഡീലര്മാരാണ് ഇത്തരത്തില്‍ അനധികൃതമായി പുതിയ വാഹനം ഉപയോഗിച്ചശേഷം ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത വാഹനത്തിന്റെ സ്പീഡോ മീറ്റര്‍ അഴിച്ചുവച്ച് ഓടിയശേഷം വീണ്ടും സീറോ കിലോമീറ്ററിലാക്കിയാണ് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവകുപ്പ് കാക്കനാട് പടമുകളില്‍ നിന്ന് ഒരു പുതിയ കാര്‍ പിടികൂടിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. പുതിയ കാറില്‍ ട്രെയ്ഡ് സര്‍ട്ടിഫിക്കറ്റ് ഒട്ടിച്ചാണ് ഇത്തരത്തില്‍ വാഹനങ്ങളെടുത്ത് ഉപയോഗിക്കുന്നത്. ഈ സമയം സ്പീഡോ മീറ്റര്‍ അഴിച്ചുവെയ്ക്കും. ഈ വാഹനം ഡെമോയായി ഉപയോഗിക്കാന്‍ നിയമമുണ്ട്.
മോട്ടോര്‍വാഹനവകുപ്പ് അനുമതി നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് വാഹന ഡീലര്‍മാര്‍ ട്രെയ്ഡ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി വാഹനത്തില്‍ പതിക്കുന്നത്. ഉപഭോക്താവിനെ വാഹനം ഓടിച്ചുകാണിക്കുന്നതിനും ഉപഭോക്താവിന് സ്വയം ഓടിച്ചുനോക്കാനുമാണ് ഡെമോ കാറുകള്‍ ഉപയോഗിക്കുന്നത്.
ഇവ വീണ്ടും ഡെമോയായി തന്നെ ഉപയോഗിക്കണമെന്നാണ് നിയമം. എന്നാല്‍ പുതിയ കാറുകള്‍ ഭൂരിഭാഗം ഡീലര്‍മാരും ട്രെയ്ഡ് സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ ഉപയോഗിച്ചശേഷമാണ് ഉടമയ്ക്ക് വില്‍പ്പന നടത്തുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.