തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദ മന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ തുറന്ന പോരാട്ടത്തിനൊരുങ്ങി ശബരിമലസംരക്ഷണസമിതി. വരുന്ന 18 ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്രഹിന്ദു സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.
ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണ നല്കി എഎച്ച്പിയും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി മറി കടക്കാന്‍ നിയമനിര്‍മ്മാണം നടത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിയമ നിര്‍മ്മാണം നടത്തില്ല എന്ന നിലപാട് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണെന്ന് സമിതി ആരോപിച്ചു. ഹര്‍ത്താലില്‍ നിന്ന് അയ്യപ്പ ഭക്തരെയും, നവരാത്രി ആഘോഷം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളെയും, പാല് പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും, ശരണ മന്ത്രങ്ങളുമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും അയ്യപ്പ ഭക്തന്മാരോട് സമിതി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകുന്നത് വരെ ശബരിമല സംരക്ഷണ സിമിതി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.