തൃശ്ശൂര്‍: ശബരിമല സ്ത്രീപ്രവേശനത്തില്‍ സമയവായ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത് വളഞ്ഞ വഴിയാണ്.
രാജകുടുംബവും തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തിയെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ദേവസ്വം ബോര്‍ഡിന്റേത്. ഹിന്ദുക്കളുടെ പ്രാതിനിധ്യം ഇല്ലാതാക്കാന്‍ ദേവസ്വം ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്തെന്നും ശ്രീധരന് പിള്ള ആരോപിച്ചു. സ്ത്രീ സമത്വം ഉറപ്പാക്കാനാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ കേരളത്തിലെ വിശ്വാസികളായ 95 ശതമാനം ഹിന്ദു സ്ത്രീകളും വിധിക്കെതിരാണെന്ന് നിലപാട് വ്യക്തമാക്കിയിരിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ വിധി നടപ്പാക്കുന്നത് എന്തിനാണെന്ന് ശ്രീധരന് പിള്ള ചോദിച്ചു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ചില ബദല്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇത് ചെറുക്കാനായി വിശ്വാസി സംഘടനകള്‍ വീടുകളിലെത്തി സ്ത്രീകളെ ബോധവത്കരിക്കുമെന്ന് ശ്രീധരന് പിള്ള വ്യക്തമാക്കി. സമരത്തെ മറികടന്ന് ഭരണകൂടത്തിന് വിധി നടപ്പാകാനില്ലെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു.