തിരുവനന്തപുരം: നടി ആക്രമിപ്പെട്ട സംഭവത്തിലും അതേ തുടര്‍ന്നുണ്ടായ ഡബ്ല്യുസിസിയോടുമുളള നിലപാട് വ്യക്തമാക്കിയ നടി കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത നാടക സംവിധായകന് ദീപന് ശിവരാമന്. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ അവര്‍ പദവി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. കലാകാരിയെന്ന നിലയിലും കെപിഎസി ലളിത നീതി പുലര്‍ത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
നടിയെ ആക്രമിക്കപ്പെട്ട സംഭവം മുതല്‍ അവര്‍ നിലപാട് വ്യക്തമാക്കിയതാണ്. അടൂര്‍ ഭാസിക്കെതിരെ ആരോപണം ഉന്നയിച്ച ശേഷം സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നവരെ എങ്ങനെയാണ് ഒരാള്‍ക്ക് എങ്ങനെയാണ് പരിഹസിക്കാന്‍ തോന്നുകയെന്നും ദീപന് ശിവരാമന് ചോദിക്കുന്നു. നാടക രംഗത്തുള്ളവരെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള നിലപാടായിരുന്നു ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ സ്വീകരിക്കേണ്ടത്. കെപിഎസി ലളിതയുടെ മുഴുവന്‍ വിശ്വാസ്യതയും നഷ്ടമാക്കുന്നതായിരുന്നു ഇന്നലെ നടത്തിയ പ്രകടനമെന്നും ദീപന് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ നാടക മേഖലയില്‍ ഉള്ളവര്‍ ശക്തമായി അവര്‍ക്കെതിരെ രംഗത്ത് വരണമെന്നാണും ദീപന് ശിവരാമന് അഭിപ്രായപ്പെട്ടു. കേരളത്തിലെ നാടക സമൂഹം പ്രതീകാത്മകമായെങ്കിലും അവര്‍ക്കെതിരെ ഒരു മാര്‍ച്ച് നടത്തിയെങ്കിലും പ്രതിഷേധം അറിയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായില്‍ തോന്നിയത് വിളിച്ച് പറയുന്ന കെപിഎസി ലളിതയുടെ രാജി ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അവരുടെ പേരിനൊപ്പം ചേര്‍ക്കുന്ന കെപിഎസി എന്നത് മാറ്റി എഎംഎംഎ ലളിത എന്നു ചേര്ക്കുന്നതാവും ഉചിതം. കെപിഎസി എന്നത് നാടകത്തിന് വിപ്ലവകരമായ രീതിയില്‍ ജീവന് കൊണ്ടുവന്ന പ്രസ്ഥാനമായിരുന്നു. കെപിഎസി ലളിത എന്ന് ഒപ്പം ചേര്‍ത്ത് ആ പ്രസ്ഥാനത്തെ ലളിത ഇനിയും അപമാനിക്കാന്‍ ഇടയാക്കരുതെന്നും ദീപന് ശിവരാമന് ആവശ്യപ്പെടുന്നു