തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്കും ആശ്രിതര്‍ക്കും കൈത്താങ്ങായി സര്‍ക്കാര്‍ പദ്ധതി വരുന്നു. പദ്ധതിയുടെ പ്രാഥമികരൂപരേഖ സാമൂഹ്യനീതിവകുപ്പ് തയ്യാറാക്കി. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്കും ആശ്രിതര്‍ക്കും മികച്ച ജീവിതം സാധ്യമാക്കുക കൂടാതെ സംരക്ഷണം നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒപ്പം പ്രത്യേക കരുതല്‍ നല്കി ഇവരെ മുഖ്യധാരയില്‍ എത്തിക്കുകയും ചെയ്യും
പദ്ധതിയിലൂടെ ഇരകള്‍ക്കും ആശ്രിതര്‍ക്കും നിയമപരമായ അവകാശങ്ങള്‍ ഉറപ്പാക്കും. അര്‍ഹതപ്പെട്ട നഷ്ടപരിഹാരം, സര്‍ക്കാര്‍ സന്നദ്ധ സംഘടനകള്‍ മുഖേനയുള്ള നിയമ, ആരോഗ്യ, സാമൂഹ്യ, മാനസികസേവനങ്ങളും ലഭ്യമാക്കും. സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഇടപെടലുമുണ്ടാകും. കേസ് അന്വേഷണത്തിലും കോടതി നടപടിക്രമങ്ങളോടും ഇരകളും സാക്ഷികളും മികച്ചരീതിയില്‍ സഹകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമുണ്ടാകും.
വിക്ടിം സപ്പോര്‍ട് യൂണിറ്റുകള്‍ വഴിയായിരിക്കും പദ്ധതി നടപ്പാക്കുക. വിവിധ ഘട്ടങ്ങളില്‍ ഇരകളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുകയും ഇടപെടേണ്ടതും യൂണിറ്റിന്റെ ചുമതലയായിരിക്കും. ജില്ലാതലത്തിലാണ് യൂണിറ്റുകള്‍ രൂപീകരിക്കുക. ജില്ലാപ്രൊബേഷന്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള യൂണിറ്റില്‍ ലീഗല്‍ കൗണ്‍സിലര്‍, സൈക്കോളജിക്കല്‍ കൗണ്‍സിലര്‍, സോഷ്യല്‍വര്‍ക്കര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും നിരീക്ഷണത്തിനും സംസ്ഥാനതലത്തിലും സെല്‍ രൂപീകരിക്കും. കുറ്റകൃത്യത്തിനിരയായവര്ക്കും ആശ്രിതര്‍ക്കുമായി വിക്ടിം കോമ്പന്‍സേഷന്‍ സ്കീം മാത്രമാണ് നിലവിലുള്ളത്. കുറ്റകൃത്യങ്ങളെ അതിജീവിച്ചവര്‍ക്കും കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം നല്കുന്ന പദ്ധതിയാണിത്.