പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് ബുധനാഴ്ച ഉപവാസം നടത്തും. ശബരിമല വിധിക്ക് ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ എത്തും.
ശബരിമല സ്ത്രീപ്രവേശനത്തിന് അനുമതി നല്കുന്ന സുപ്രീം കോടതി വിധിയെ പരസ്യമായി എതിര്‍ക്കേണ്ടതില്ലെന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട്. അതേ സമയം സംസ്ഥാനത്തെ സാഹചര്യത്തിന് അനുസരിച്ച് കെപിസിസിക്ക് നിലപാട് എടുക്കാനുള്ള അനുമതിയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് പാര്‍ട്ടിയുടെ കൊടി ഉയര്‍ത്താതെയും സ്ത്രീപ്രവേശനത്തിന് എതിരായ സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാനുള്ള അനുമതി കെപിസിസി രാഷ്ട്രീയ കാര്യസമിതി നല്‍കിയിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയനേട്ടമുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യക്ഷ സമരത്തില്ലെന്ന തീരുമാനം കോണ്‍ഗ്രസ് പുനഃപരിശോധിക്കുന്നത്.