തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ആശ്വാസമായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കു വേണ്ടി ഒരു ഹോട്ടല്‍ വരുന്നു. അതും നമ്മുടെ തലസ്ഥാനത്ത്. സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.
തമ്പാനൂരുള്ള കെടിഡിഎഫ്സി ക്ലോംപ്ലക്സിലാണ് സ്ത്രീകള്‍ക്ക് മാത്രമായി സ്ത്രീകളുടെ നേതൃത്വത്തില്‍ ഹോട്ടല്‍ തുടങ്ങുന്നത്. ഹോസറ്റസ് എന്നാണ് ഹോട്ടലിന്റെ പേര്. മന്ത്രി കടകംപള്ളി സുരേന്ദ്രന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. അടുത്ത ആറ് മാസത്തിനുള്ളില്‍ ഹോട്ടല്‍ പ്രവര്ത്തനമാരംഭിക്കുമൊണ് വിവരം.
22 മുറികളും ഒരേ സമയം 28 പേര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ രണ്ട് ഡോര്‍മറ്ററികളും ഹോട്ടലിലുണ്ട്. മുറിക്ക് പ്രതിദിനം 1500 രൂപയും ഡോര്‍മെറ്ററിക്ക് 500 രൂപയുമാണ് വാടക. പ്രഭാത ഭക്ഷണം സൗജന്യമായിരിക്കും. അസമയത്തും തമ്പാനൂര്‍ ബസ് ടെര്‍മിനലിലും റെയില്‍വേ സ്റ്റേഷനിലും ഒറ്റയ്ക്കെത്തുന്ന സ്ത്രീകള്‍ക്ക് ഏതാനും ചുവടുകള്‍ വച്ചാല്‍ ഹോസ്റ്റസിലെത്താനാവുമെന്നതിനാല് രാത്രി സഞ്ചാരം വേണ്ടിവരില്ല.
ലോക്കര്‍ സൗകര്യം, ചെക്ക് ഇന്‍-ചെക്ക് ഔട്ട് ഉള്‍പ്പെടെ അത്യാധുനികസൗകര്യങ്ങള്‍, ലോണ്‍ഡ്രി, ഫിറ്റ്നസ്, മൈക്രോവേവ് ഓവന് സൗകര്യങ്ങള്‍ എന്നിവ ലഭ്യമാകുന്ന ഹോട്ടലില്‍ സ്ത്രീകള്‍ മാത്രമായിരിക്കും ജീവനക്കാര്‍.