കോഴിക്കോട്: നടി രേവതിക്ക് എതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നല്കി.
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ലെന്നും, ഇത്രകാലവും അത് മറച്ചു വെച്ചുവെന്നുമാണ് പരാതി.
രേവതിയെ കമ്മീഷന് വിളിച്ചു വരുത്തണം എന്നും നിയമനടപടി സ്വീകരിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. കോഴിക്കോട് കുന്നമംഗലം സ്വദേശി നൗഷാദ് തെക്കയില്‍ ആണ് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം നടന്ന ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിലാണ് ഷൂട്ടിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പീഡന ശ്രമമുണ്ടായതിനെക്കുറിച്ച് രേവതി പറഞ്ഞത്. സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരിയുടെ അനുഭവം രേവതി വെളിപ്പെടുത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പീഡന ശ്രമമുണ്ടായത് മറച്ചുവച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിച്ച സാഹചര്യത്തില്‍ സംഭവത്തില്‍ വിശദീകരണവുമായി രേവതിയെത്തിയിരുന്നു. സൂചിപ്പിച്ച സംഭവത്തില്‍ ലൈംഗിക പീഡനമോ ശാരീരിക ഉപദ്രവമോ നടന്നിട്ടില്ല. 26വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവമാണത്. 17കാരിയായ പെണ്‍കുട്ടി പേടിച്ചു എന്റെ മുറിയില്‍ വരികയാണ് ചെയ്തത്. സിനിമ മേഖലയിലെ അരക്ഷിത അവസ്ഥയെ കുറിച്ചാണ് താന്‍ സൂചിപ്പിച്ചതെന്നും രേവതി വിശദമാക്കിയിരുന്നു.