കോഴിക്കോട്: മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍ തൊഴിലിടങ്ങളില്‍ സജീവമാകുന്ന കാലം വിദൂരമല്ല. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്ത്യയില്‍ ആദ്യമായി ഷോറൂം മാനേജരായി റോബോട്ട് എത്തുന്നത്. പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ ഷോറൂമായ കോഴിക്കോട് ബൈപാസിലെ റോയല്‍ ഡ്രൈവിലാണ് ഷോറൂം മാനേജരായി ‘റോയ’ എന്ന പേരിട്ട മനുഷ്യ രൂപത്തിലുള്ള റോബോട്ടെത്തുന്നത്.
അടുത്ത മാസം മുതല്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും വിവരങ്ങള്‍ നല്‍കാനും ഷോറൂമിന്റെ പൂമുഖത്ത് ഈ റോബോട്ടുണ്ടാവും. റോബോട്ടിക് ഇന്ററാക്ടീവ് സര്‍വ്വീസ് അസിസ്റ്റന്റ് (റിസ) എന്ന ഈ റോബോട്ടിനെ കോഴിക്കോട് ആസ്ഥാനമായുള്ള ഫ്ള്യൂ അപ് ടെക്നോളജീസാണ് വികസിപ്പിച്ചെടുത്തത്.
ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ആറുമാസം കൊണ്ടാണ് റോയയെ വികസിപ്പിച്ചെടുത്തത്. ഏകദേശം അഞ്ചടി അഞ്ച് ഇഞ്ചാണ് ഉയരം. 150 കിലോ ഗ്രാം തൂക്കവും. ടയറുപയോഗിച്ചാണ് റോയ ഷോറൂമിലെ കാറുകള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കുക. കൂടാതെ ഷോറൂമിലെ മറ്റ് ജീവനക്കാര്‍ വല്ല കള്ളവും കാണിച്ചാല്‍ പിടികൂടാനും കഴിയും.
വിവരങ്ങള്‍ നല്‍കാനായി റോയയുടെ നെഞ്ചിന് മുകളിലായി സ്ക്രീനും ഘടിപ്പിച്ചിട്ടുണ്ട്. റോയക്ക് 150ലധികം ഭാഷകള്‍ കൈകാര്യം ചെയ്യാനാകും. ബാറ്ററിയുടെ ചാര്‍ജ് തീരാനായാല്‍ റോയ തന്നെ ചാര്‍ജ് ചെയ്യും. ഷോറൂമിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും റോയയുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ ഷോറൂമിലെ ലൈറ്റ്, കംപ്യൂട്ടര്‍, എസി, ടെലിവിഷന്‍ എന്നിവ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും റോയക്ക് സാധിക്കും. .