കൊച്ചി: താരസംഘടനയായ എഎംഎംഎയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. യുവനടിയെ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപിനെതിരെ സംരക്ഷിക്കാന്‍ പെടാപാട് പെടുന്ന സംഘടനയ്ക്ക് നടന് മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമയമുണ്ടാകുമോ എന്ന് അറിയില്ലെന്ന് റിമ തുറന്നടിച്ചു. ഇന്നലെ വൈകിട്ടു കൊച്ചി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ ചേര്‍ന്ന ഡബ്ലിയൂസിസിയുടെ പത്രസമ്മേളനത്തിലാണ് പരിഹാസരൂപേണ റിമ ഇക്കാര്യം പറഞ്ഞത്.
ഈയടുത്തായി വന്ന ഒരു ലൈംഗികാരോപണം തന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്നു നടന് മുകേഷിനെതിരെയുള്ള മീടൂ ആരോപണത്തെ സൂചിപ്പിച്ചുകൊണ്ടു റിമ പറഞ്ഞു. ആരോപണത്തെകുറിച്ച ചോദ്യമുയര്‍ന്നപ്പോള്‍ അദ്ദേഹത്തിനെതിരെ തീര്‍ച്ചയായും അന്വേഷണം വേണം എന്ന് റിമ മറുപടി നല്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെകുറിച്ചറിയാന് തനിക്ക് താല്പര്യമുണ്ട്. കാരണം അദ്ദേഹം ഒരു എംഎല്‍എ കൂടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ‘ചാര്‍ജ്ഷീറ്റ് ചെയ്യപ്പെട്ട ഒരു കുറ്റാരോപിതന് വേണ്ടി പോരാടുമ്പോള്‍ ‘അമ്മ’യ്ക്ക് ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ സമയം കിട്ടുമോ എന്നറിയില്ല’ റിമ കൂട്ടിച്ചേര്‍ത്തു.
ഡബ്ലിയൂസിസി അംഗങ്ങളും നടിമാരുമായ രേവതി, പദ്മപ്രിയ, പാര്‍വതി, രമ്യ നമ്പീശന്, തുടങ്ങിയവരും പീഡിപ്പിക്കപ്പെട്ട നടിയുടെ കാര്യത്തിലുള്ള എഎംഎംഎയുടെ നിലപാടിനെ കുറിച്ച സംസാരിച്ചു. ഇന്ത്യയിലാകമാനം ചൂഷണങ്ങള്‍ക്കെതിരെയുള്ള സ്ത്രീകളുടെ സമരം നടക്കുകയാണ്. പക്ഷേ കേരളത്തില്‍ തങ്ങളെ പരിഹസിക്കുകയും പൊള്ളവാക്കുകള്‍ പറഞ്ഞു കണ്ണില്‍ പൊടിയിടുകയുമാണ് എഎംഎംഎ ചെയ്യുന്നതെന്നും ഡബ്ലിയൂസിസി ഭാരവാഹികള്‍ ആരോപിച്ചു.