കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് എഎംഎംഎയ്ക്കെതിരെ തുറന്ന പോരിന് തയ്യാറെടുത്ത് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യുസിസി. ദിലീപിനെ തിരിച്ചെടുക്കാനെടുത്ത തീരുമാനം റദ്ദാക്കാത്തതിലുള്ള പ്രതിഷേധം പരസ്യമാക്കും.
രേവതി, പാര്‍വതി, പത്മപ്രിയ എന്നീ നടിമാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങുന്നു. സംഘടനയില്‍ നിന്ന് നീതി വൈകുന്ന സാഹചര്യത്തില്‍, രാജി വയ്ക്കാനാണ് മൂവരുടെയും നീക്കം. വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ കൂടുതല്‍ അംഗങ്ങള്‍ സംഘടന വിട്ടേക്കും. നേരത്തെ ഭാവന, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ ദാസ്, രമ്യ നമ്പീശന് എന്നിവര്‍ നേരത്തെ എഎംഎംഎ വിട്ടിരുന്നു.
അച്ചടക്ക നടപടിയില്‍ അന്തിമ വാക്ക് എക്സിക്യൂട്ടീവിനാണെന്ന എഎംഎംഎയുടെ വാദം ശരിയല്ല. തിലകനെതിരായ അച്ചടക്ക നടപടി തീരുമാനം കൈക്കൊണ്ടത് എക്സിക്യൂട്ടീവായിരുന്നു. ഓഗസ്റ്റ് ഏഴിന് ചര്‍ച്ച നടന്നെങ്കിലും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതുകൊണ്ടുതന്നെ പരസ്യ പ്രതികരണമരുതെന്ന നേതൃത്വത്തിന്റെ വിലക്ക് പരിഗണിക്കുന്നില്ല.
ഇനി കാത്തു നില്‍ക്കേണ്ടെന്നും കാര്യങ്ങള്‍ തുറന്നു പറയാമെന്നുമാണ് ഇപ്പോഴത്തെ ധാരണ. രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരെക്കൂടാതെ മറ്റ് മുതിര്‍ന്ന അംഗങ്ങളും വൈകിട്ട് നിലപാട് തുറന്നുപറയാനാണ് ഇപ്പോഴത്തെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി കൂടുതല്‍ അംഗങ്ങള്‍ രാജി തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
കേസില്‍ നടന് ദീലീപിനെതിരെ എഎംഎംഎ എക്സിക്യൂട്ടീവ് യോഗത്തിന് നടപടിയെടുക്കാനാവില്ലെന്ന് എഎംഎംഎയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം അറിയിച്ചതോടെയാണ് ഡബ്ല്യുസിസി കടുത്ത നിലപാടുകളിലേക്ക് നീങ്ങിയത്. ജനറല്‍ബോഡി യോഗം വരെ നടിമാര്‍ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. എക്സിക്യുട്ടീവ് യോഗത്തിന് തീരുമാനം എടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇക്കാര്യം കത്ത് തന്ന നടിമാരെ രേഖാമൂലം അറിയിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.