തിരുവനന്തപുരം: പരസ്യങ്ങളിലൂടെ അധിക വരുമാനം ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി. 100 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ക്ലാസ് ബസിലും കെയുആര്‍ടിസിയുടെ ലോ ഫ്ളോര്‍ ബസുകളിലും പരസ്യം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ബസ് സ്റ്റേഷനുകളില്‍ ഹോര്‍ഡിങ്ങുകളും ഡിജിറ്റല്‍ പരസ്യങ്ങളും സ്ഥാപിക്കാനും പ്രത്യേക ടെന്‍ഡറുമുണ്ട്. ബസിലെ പരസ്യത്തിലൂടെ മാത്രം കഴിഞ്ഞവര്‍ഷം 9.68 കോടി ലഭിച്ചിരുന്നു.
ഇത്തവണ 50 കോടി സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ബസ് സ്റ്റേഷനുകളിലെ കടമുറികളില്നിന്നുള്ള വരുമാന വര്‍ധനയും ലക്ഷ്യമിടുന്നുണ്ട്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ ഇരട്ടിവാടക കടയുടമകളില്‍നിന്ന് ഈടാക്കും. ഇതിന് സമ്മതമുള്ളവര്‍ക്ക് തുടര്‍ന്നും മുറികള്‍ നല്‍കും. ഇല്ലെങ്കില്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.
നേരത്തെയുണ്ടായ കൊറിയര്‍ സര്‍വീസ് അവസാനിപ്പിച്ച് പുതിയ നിബന്ധനകളോടെ ടെന്‍ഡര്‍ നടത്തിയത് ലാഭകരമായിരുന്നു. ഈയിനത്തില്‍ പ്രതിമാസം നാലു ലക്ഷം രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 13.15 ലക്ഷം രൂപ നേടാനായി. ദീര്‍ഘദൂര ബസുകള്‍ ഭക്ഷണശാലകള്‍ക്ക് സമീപം നിര്ത്തിക്കൊടുക്കുന്നതിന് കമീഷന് വാങ്ങിക്കാനുള്ള ‘ഫുഡ്സ്റ്റോപ്പ്’ പദ്ധതി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.