കണ്ണൂര്‍: വിമാനത്താവളം കാണാനായി ഇനി പ്രവേശനം ഉണ്ടായിരിക്കില്ല. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സിവില്‍ ഏവിയേഷന്‍ ലൈസന്‍സ് ലഭിച്ചതിനാല്‍ ഇനി മുതല്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതില്‍ പരിമിതി ഉണ്ടെന്നും അതിനാല്‍ ഇനിമുതല്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്നും കിയാല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അറിയിച്ചു. പ്രവേശനാനുമതി ലഭിച്ച ഒരാഴ്ചക്കുള്ളില്‍ വിമാനത്താവളം കാണാനായി എത്തിയവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെ ആയിരുന്നു.
ഉദ്ഘാടനത്തീയതി നിശ്ചയിച്ചതിനാല്‍ ശേഷിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി തീര്‍ക്കേണ്ടതുണ്ട്. അനിയന്ത്രിതമായി പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു. ഉദ്ഘാടനത്തിനുമുമ്പ് വിമാനത്താവളത്തിനകത്ത് പ്രവേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നത് അപൂര്‍വമാണ്.
കഴിഞ്ഞ അഞ്ചുമുതലാണ് സന്ദര്‍ശനം അനുവദിച്ചത്. ഏഴിന് എത്തിയത് ഒന്നര ലക്ഷത്തോളം പേര്. അവസാന ദിവസമായ വെള്ളിയാഴ്ച അറുപതിനായിരത്തില്പരം സ്കൂള്‍ കുട്ടികള്‍ വിമാനത്താവളം കാണാനെത്തി. 17ന് വിമാനത്താവള സുരക്ഷ പൂര്‍ണമായും സിഐഎസ്എഫ് ഏറ്റെടുക്കും.