തിരുവനന്തപുരം: കുട്ടികളില്‍ ജങ്ക്ഫുഡിന്റെ ഉപയോഗം കൂടി വരുന്നതായി കണ്ടെത്തല്‍. ഇതിനെതിരെ സംസ്ഥാനത്തെഎല്ലാ സ്കൂളുകളിലും ഫുഡ് സേഫ്റ്റി ക്ലബ്ബുകള്‍ ആരംഭിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ഉത്തരവിട്ടു. ജങ്ക്ഫുഡിന്റെ അമിത ഉപയോഗം കുട്ടികളില്‍ മാരക രോഗങ്ങള്‍ക്ക് വഴിവെയ്ക്കുന്നു എന്ന് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന് ഇടപെട്ടത്.
കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജങ് ഫുഡുകളുടെ ഉത്പാദനവും വിതരണവും സംസ്ഥാനത്ത് തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായ മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന് ചെയര്മാന് പ്രീത് തോമസ് തുരുത്തിപ്പള്ളി സംസ്ഥാന ബാലാവകാശ കമ്മീഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജങ്ക് ഫുഡ് ഉപയോഗത്തിനെതിരെ കുട്ടികളിലും പൊതുസമൂഹത്തിലും നിരന്തരമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ജങ്ക് ഫുഡ് ഉത്പാദന വിതരണ കേന്ദ്രങ്ങളില്‍ സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കീഴിലുള്ള ജില്ലാ താലൂക്ക് ഓഫീസുകള്‍ വഴി പരിശോധന നടത്തണം. നിയമലംഘനം നടത്തുന്നവരുടെ പേരില്‍ ശിക്ഷാനടപടികള്‍ കൈകൊള്ളണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍, സര്‍ക്കാരിതര വ്യത്യാസമില്ലാതെ സ്കൂളുകളില്‍ ഫുഡ് സേഫ്റ്റി ക്ലബ് സ്ഥാപിക്കണമെന്നും നിര്‍ദേശം നല്കി.