കൊല്ലം: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ബ്രൂവറി വിവാദം റദ്ധാക്കിയതിനു പിന്നാലെ വിവാദം വീണ്ടും കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്. മുഴു നീളെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ മന്ത്രി ടിപി രാമകൃഷ്ണന് പോലീസ് സ്റ്റേഷനില്‍ സുരക്ഷ തേടി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2ന് ദേശീയപാതയില്‍ നീണ്ടകരയിലായിരുന്നു പ്രതിഷേധം. ചവറയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ പുതിയ കോഴ്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മന്ത്രിയെത്തിയത്. പൈലറ്റ് വാഹനം കടന്ന് പോയ ഉടന്‍ 20 അംഗ യൂത്ത് കോണ്‍ഗ്രസ് സംഘം മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടി വീണു.
ഉടന്‍ തന്നെ മന്ത്രിയുടെ വാഹനം ദേശീയപാതയിലൂടെ തന്നെ തിരികെ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി. മന്ത്രി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയില്ല. ചവറ സിഐ ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വൈകാതെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെത്തി. 20 മിനിട്ടിന് ശേഷം വന്‍ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ മന്ത്രിയെ ഉദ്ഘാടന വേദിയിലെത്തിച്ചു.