തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ ഡ്രൈവറും കണ്ടക്ടറും തമ്മില്‍ വാക്കേറ്റവും കൈയ്യേറ്റവും. സ്റ്റോപ്പ് ഇല്ലാത്തിടത്ത് മിന്നല്‍ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. വണ്ടി നിര്ത്താതിരുന്നതില് പ്രതിഷേധിച്ച് ഡ്രൈവറുടെ കണ്ണ് കണ്ടക്ടര്‍ അടിച്ചു തകര്‍ത്തു. വെള്ളക്കുപ്പികൊണ്ടായിരുന്നു അടി.
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് അടിയേറ്റത്. അടിയില്‍ സാരമായി പരിക്കേറ്റ ഷാജഹാനെ ഗവ. കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കണ്ടക്ടര്‍ അമീര്‍ അലിക്കെതിരെ സ്റ്റേഷന് അധികൃതര്‍ക്ക് പരാതി നല്കി. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ വന്ന മിന്നല്‍ ബസിലുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.
ബസ് സ്റ്റാന്‍ഡില്‍ എത്തിയ സമയത്തായിരുന്നു തര്‍ക്കം. പിഎംജിയില്‍ സ്റ്റോപ്പില്ലാത്തിടത്ത് ബസ് നിറുത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍ തയാറായില്ല. ഇതാണ് വാക്കേറ്റത്തിന് കാരണമായത്. ബസില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തമ്പാനൂര്‍ പോലീസിനും പരാതി കൈമാറിയിട്ടുണ്ട്. സിഐടിയു സംഘടനാ ഭാരവാഹിയായ കണ്ടക്ടറെ രക്ഷിക്കാന്‍ യൂണിയന് നേതൃത്വം ഇടപെട്ടിരുന്നു. എന്നാല്‍ കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കേസ് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് വിവരം.