തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയ സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചതിലും തെറിവിളിച്ചതിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന് രംഗത്ത്. ഈഴവ സമുദായത്തില്‍പ്പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.
‘ഇവിടുത്തെ സവര്‍ണ സമുദായം ഇപ്പോഴും ഈഴവരെ അടിയാളരായാണ് കാണുന്നത്. ഈഴവനെയും തീയനെയും പട്ടിക ജാതിക്കാരെയും അംഗീകരിക്കാന്‍ ഇവരൊന്നും തയ്യാറല്ല. സവര്‍ണ സമുദായം ഈഴവരെയടക്കം ഏറ്റവും വലിയ ശത്രുവായാണ് കാണുന്നത്. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇവര്‍ക്ക് സഹിക്കാനാകുന്നില്ല.’ വെള്ളാപ്പള്ളി പറയുന്നു.
അവരുടെ താത്പര്യം സവര്‍ണ മുഖ്യമന്ത്രി ഉണ്ടാകുന്നതാണ് അവര്‍ക്ക് താല്‍പ്പര്യം. ചോവനെന്നടക്കം ഒരു മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള നാവ് പൊങ്ങണമെങ്കില്‍ എത്രത്തോളം വര്‍ഗീയ ചിന്ത അവരില്‍ ഉണ്ടെന്ന് നമുക്ക് മനസിലാകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാരുടെ ലക്ഷ്യം വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കലാണ്. കേരളം ഭ്രാന്താലയമാക്കുവാനാണ് ശ്രമം നടക്കുന്നതെന്നും, സംസ്ഥാനത്ത് നിലനില്‍ക്കുന്ന മികച്ച അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവും ഈ സമരത്തിനു പിന്നില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏത് ഭരണം വന്നാലും അതിനകത്ത് കടന്ന് കയറി തങ്ങളുടെ ആവശ്യവും അജണ്ടയും നടപ്പിലാക്കണമെന്നതാണ് സവര്‍ണരുടെ നിലപാട്. പിണറായിയെ ഒരു ചോവന് ആയിട്ടല്ലാതെ മുഖ്യമന്ത്രിയായി കാണാനുള്ള മനസ് അവര്‍ക്കുണ്ടാകില്ല. അത് വായിലൂടെ ഇന്ന് പുറത്തുവന്നു
എന്ന് മാത്രം. അത് ഞങ്ങളെല്ലാം മനസിലാക്കുന്നുണ്ട്.
ജാതിയുടെ കുഷ്ഠം ബാധിച്ചവരാണ് ഇത്തരത്തിലുള്ള അധിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എസ്എന്‍ഡിപി മുന്‍ സെക്രട്ടറി പരാതി നല്കി. പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ സ്ത്രീ മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.