തിരുവനന്തപുരം: തലസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് ഭക്ഷണമെത്തിക്കുന്നത് മാലിന്യം തള്ളുന്നതും, തുരുമ്പെടുത്ത വണ്ടികളിലും. പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് മനസിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ച. പലപ്പോഴും ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതരും ഇതിനു നേരെ കണ്ണടയ്ക്കുകയാണ്. ഭക്ഷണം കൊണ്ടുപോകാന്‍ ഒരുതരത്തിലും യോഗ്യമല്ലാത്ത ഉന്തുവണ്ടികളില്‍ അടപ്പുള്ള സ്റ്റീല്‍ പാത്രങ്ങളില്‍ നിറച്ചാണ് പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ രോഗികള്‍ക്ക് വിതരണം ചെയ്യാന്‍ വാര്‍ഡുകളില്‍ എത്തിക്കുന്നത്.
മൂടിയുള്ള സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ കൊണ്ടുപോകാന്‍ തുരുമ്പിച്ച ഉന്തുവണ്ടികള്‍ ഉപയോഗിക്കുന്നത് അറപ്പുളവാക്കുന്നു. എന്നിട്ടും മാസങ്ങളായി ഇതാണ് ആശുപത്രിയില്‍ തുടരുന്നത്. വളരെ ലാഘവത്തോടെയാണ് രോഗികള്‍ക്കുള്ള ഭക്ഷണ വിതരണ കാര്യങ്ങള്‍ ആശുപത്രി അധികൃതര്‍ കാണുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഭക്ഷണ വിതരണത്തിന് നേരത്തെ ഉപയോഗിച്ചിരുന്ന വാഹനം കേടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ മാലിന്യം നീക്കം ചെയ്തിരുന്ന ഉന്തുവണ്ടികള്‍ ഉപയോഗിച്ചതെന്നാണ് നല്കുന്ന ഔദ്യോഗിക വിശദീകരണം.
മാലിന്യം നിറച്ചതായാലും കഴുകി വൃത്തിയാക്കിയതിനു ശേഷമാണ് വാഹനം ഉപയോഗിക്കുന്നതെന്ന ന്യായങ്ങളും ആശുപത്രി അധികൃതര്‍ നിരത്തുന്നുണ്ട്. ആശുപത്രിയില്‍തന്നെയാണ് രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നത്. ഭക്ഷണ വിതരണത്തിന്റെ സമയമാകുമ്പോള്‍ പാചകപ്പുരയിലേക്ക് ഈ ഉന്തുവണ്ടികളുമായി ജീവനക്കാര്‍ എത്തും. സഹായത്തിന് രോഗം ഭേദമായ അന്തേവാസികളും ഉണ്ടാകും. ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളിലാക്കി വണ്ടിയില്‍ വയ്ക്കും. ഓരോ വണ്ടിയിലും രണ്ടോ മൂന്നോ പാത്രങ്ങള്‍ അടുക്കിവച്ചാണ് വാര്‍ഡുകളില്‍ എത്തിച്ച് രോഗികള്‍ക്ക് വിതരണം ചെയ്യുന്നത്. പത്തോളം ഉന്തുവണ്ടികളാണ് ഇതിനായി ഉപയോഗിക്കുന്നത്. മിക്കതും പെയിന്റ് ഉള്‍പ്പെടെ ഇളകി തുരുമ്പിച്ചവയാണ്. ഉള്‍ഭാഗം നന്നായി തുരുമ്പെടുത്ത വണ്ടികളും കൂട്ടത്തിലുണ്ട്.