തിരുവനന്തപുരം: മത്സപരീക്ഷകള്ക്കായി മികവുകൂട്ടി വിജയശതമാനം വര്‍ധിപ്പിക്കാനായി ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം ശാസ്ത്രപുസ്തകങ്ങളുടെ കരട് തയ്യാറായി. ബയോളജി പുസ്തകം മലയാളത്തിലാക്കുമ്പോള്‍ വിവാദം ഉണ്ടാകാതിരിക്കാന്‍ പ്രജനനം എന്ന അധ്യായം മൂന്നംഗസമിതി വിലയിരുത്തും. ഈ പുസ്തകത്തിന്റെ കരട് രണ്ടു തവണ കരിക്കുലം ഉപസമിതി പരിശോധിച്ചിരുന്നു.
ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് ഇംഗ്ലിഷില്‍ പറയുന്ന പല കാര്യങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ വിവാദമുണ്ടാകാനുളള സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്ന് ചില കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനാല്‍ ഏറെ സൂക്ഷ്മതയോടെയാണ് മുന്നോട്ടുപോകുന്നത്.
ജനന നിയന്ത്രണ മാര്‍ഗങ്ങളും മറ്റും ചിത്രങ്ങള്‍ സഹിതം പുസ്തകത്തിലുണ്ട്. ഉള്ളടക്കത്തില്‍ മാറ്റം വരുത്താതെ വിവര്‍ത്തനം ചെയ്യാനാണ് എന്‍സിഇആര്‍ടി അനുമതി നല്‍കിയത്. ചിത്രങ്ങള്‍ ഒഴിവാക്കാനും ഉള്ളടക്കം വലിയ പ്രശ്നമില്ലാത്ത രൂപത്തിലാക്കാനുമാണ് ഉപസമിതിയുടെ തീരുമാനം. മലയാളത്തിലുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം തന്നെ ഓണ്‍ലൈനിലും പുസ്തക രൂപത്തിലും വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കും.