തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് മലയാള ചലച്ചിത്ര മേഖലയെ ഞെട്ടിച്ച് നടന് മുകേഷ് മീ ടു ക്യംപെയിനില്‍ കുടുങ്ങിയത്. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ആണ് താരത്തിനെ വിവാദത്തിലേയ്ക്ക് വലിച്ചിട്ടിരിക്കുന്നത്. എന്നാല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മുകേഷ് അവരെ തനിയ്ക്ക് അറിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ആരോപണം തീര്‍ത്തും നിഷേധിച്ച് ആ നിലപാടില്‍ തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് താരം.
താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും തന്റെ പേരില്‍ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും മുകേഷ് പറയുന്നു. ടെസ് എന്ന യുവതിയെ താന്‍ ഓര്‍ക്കുന്നില്ലെന്നും ടെസിനെ പിന്തുണച്ചുവെന്ന് പറയുന്ന ഡെറിക് ഒബ്രിയാന് ഇപ്പോഴും തന്റെ സുഹൃത്താണെന്നും മുകേഷ് പറഞ്ഞു. ‘ ഞാന്‍ ഒരു കലാകുടുംബത്തില്‍നിന്ന് വന്ന ഒരാളാണ്. എന്റെ ഭാര്യ, അമ്മ, സഹോദരി എല്ലാവരും കലാരംഗത്തും സജീവ പ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ മീ ടൂ ക്യാംപെയിനിന് ഏറ്റവും പിന്തുണ നല്കുന്ന ഒരാളാണ് ഞാന്‍. എല്ലാ പെണ്‍കുട്ടികളും അതുമായി മുന്പോട്ട് പോകണം എന്നാണ് ആഗ്രഹം.
പത്തൊന്‍പത് കൊല്ലം മുന്‍പ് കോടീശ്വരന് എന്ന പരിപാടിക്കിടെ ഞാന്‍ ശല്യപ്പെടുത്തിയെന്നാണ് ആരോപണം. അങ്ങനെയൊരു സംഭവം എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ലേ മെറിഡിയന് ഹോട്ടലില്‍ തന്നെയാണ് ഞാന്‍ താമസിച്ചത്. ഞാന്‍ ആദ്യമായിട്ടാണ് അവിടെ താമസിച്ചത്. ക്രൂവിന് റൂം എടുത്തു നല്കിയ കാര്യം പോലും എനിക്കറിയില്ല. അവരെ അവിടെ വച്ചു കണ്ടതായി പോലും എനിക്ക് ഓര്‍മ്മയില്ല. ഫോണില്‍ വിളിച്ചു ശല്യം ചെയ്തുവെന്നാണ് ആരോപണം. അത് ഞാന്‍ അല്ല.
എന്തെങ്കിലും തെറ്റിദ്ധാരണ സംഭവിച്ചതായിരിക്കുമെന്നും താരം ആവര്‍ത്തിച്ചു. ഒരു പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന് ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് വെളിപ്പെടുത്തി. മീ ടു ക്യംപെയിനില്‍ താരത്തിന്റെ പേര് കണ്ടപ്പാടെ പ്രശ്നം രാഷ്ട്രീയ ആയുധമാക്കി ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷം. ഭരണ പക്ഷ എംഎല്എയായതിനാലാണ് മുകേഷിനെതിരെയുള്ള ആരോപണം പ്രതിപക്ഷം ഏറ്റെടുത്തത്. അതേസമയം പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ആവശ്യപ്പെട്ട് ആരോപണം ഉന്നയിച്ച യുവതി രംഗത്തെത്തിയിരുന്നു.