തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയുടെ പേരില്‍ ഭീഷണിക്കത്തും വിഷപാമ്പും തപാലില്‍. വര്‍ക്കലയിലെ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമണ്‍ അനില ലാലിന്റെ പേരിലാണ് പോസ്റ്റെത്തിയത്. പ്രത്യേക പായ്ക്കറ്റിലാക്കി പോസ്റ്റ് ഓഫീസില്‍ കൊണ്ടുവയ്ക്കുകയായിരുന്നു. അപായപ്പെടുത്താന്‍ ശ്രമിച്ചവരെക്കുറിച്ച് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. വര്‍ക്കല പോസ്റ്റ് ഓഫീസിലെത്തി കവര്‍ തുറന്ന് നോക്കിയപ്പോള്‍ ഞെട്ടി, മനോഹരമായി പൊതിഞ്ഞ് സൂക്ഷിച്ച കവറിനുള്ളില്‍ വിഷപാമ്പ്. വളരെ ശ്രദ്ധിച്ച് കവര്‍ തുറന്നത് കൊണ്ട് പാമ്പ് കടിയേല്‍ക്കാതെ ഭാഗ്യത്തിന് രക്ഷപെട്ടു.
അനില ഓഫീസിലെത്തിയപ്പോള്‍ തന്നെ തനിക്കുള്ള പാര്‍സല്‍ കവര്‍ ഓഫീസിലിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ആദ്യം കവര്‍ തുറന്നെങ്കിലും അതിനുള്ളില്‍ മറ്റൊരു പ്ളാസ്റ്റിക് പൊതി കൂടി കണ്ടതോടെ രാവിലത്തെ ഓഫീസ് തിരക്ക് കഴിഞ്ഞ് തുറക്കാമെന്ന് കരുതി മാറ്റിവച്ചു. ഓഫീസില്‍ മറ്റെല്ലാ ജീവനക്കാരും എത്തിയ ശേഷം തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്.
പാമ്പടങ്ങിയ കവര്‍ ഉടന്‍ തന്നെ വര്‍ക്കല പോലീസിന് കൈമാറി. പാലോട് നിന്ന് വനംവകുപ്പ് സംഘത്തെ വിളിച്ച് പരിശോധിച്ചപ്പോള്‍ ചുരുട്ട ഇനത്തില്‍പെട്ട പാമ്പാണെന്ന് അറിയിച്ചു. കവറിന്റെ പുറത്ത് മറ്റ് അഡ്രസൊന്നുമില്ലാത്തതിനാല് ആരാണ് പാമ്പിനെ പാര്‍സലാക്കി അയച്ചതെന്ന് കണ്ടെത്താനായിട്ടില്ല.