നിയമവിരുദ്ധമായ ഫ്ലെക്സ്, പരസ്യ ബോര്‍ഡുകള്‍ എടുത്തു മാറ്റാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിര്‍ദേശം.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളെയും ഹൈക്കോടതി സിംഗിള്‍ ബഞ്ച് കേസില്‍ കക്ഷി ചേര്‍ത്തു. ഫ്ലെക്സ് ബോര്‍ഡ് വെയ്ക്കുന്നതില്‍ ഹൈ കോടതി നിര്‍ദേശങ്ങള്‍ കൊച്ചി നഗരസഭ പാലിക്കുന്നില്ലെന്ന് അമിക്കസ് ക്യുറി കോടതിക്ക് റിപ്പോര്‍ട്ട് നല്കി.
നിയമ വിരുദ്ധമായ ഫ്ലക്സ്, പരസ്യ ബോര്‍ഡുകള്‍ റോഡരികില്‍ നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച് വലിയ പോരാട്ടത്തിന്റെ തുടക്കം മാത്രമാണിതെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. കോടതി ഇടപെടല്‍ ഇനിയും തുടരുമെന്ന് വ്യക്തമാക്കിയ ഹൈ കോടതി കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ കോര്‍പ്പറേഷനുകളെയും കക്ഷി ചേര്‍ത്തു.
ഇതിനിടെ ഫ്ളക്സ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കൊച്ചി നഗര സഭയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമിക്കസ് ക്യുറി ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്കി. കൊച്ചി നഗര സഭ ഫ്ലെക്സ് ബോര്‍ഡുകള്‍ വയ്ക്കുന്ന കാര്യത്തില്‍ മാനദണ്ഡം പാലിക്കുന്നില്ല. ഫ്ലെക്സ് ബോര്‍ഡ് ആറു വര്‍ഷം മുന്‍പ് ഹൈ കോടതി നല്കിയ ഉത്തരവിന്റെ നഗ്നമായ ലംഘനം നടത്തുന്നു.
കൊച്ചി നഗര സഭയുടെ നടപ്പാതകള്‍ രാഷ്ട്രീയ, സിനിമ, റിയല്‍ എസ്റ്റേറ്റ് പരസ്യ ബോര്‍ഡുകള്‍ കൈയടക്കി സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ നടപ്പാതയിലൂടെ സഞ്ചരിക്കാനാവുന്നില്ല. കെ.എസ്.ഇ.ബി ടെലഫോണ്‍ പോസ്റ്റ്കളില്‍ ആണ് ഫ്ളക്സുകള്‍ തുക്കിയിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്റെ ദിശ സുചന ബോര്‍ഡുകള്‍ ഫ്ലെക്സ് കൊണ്ട് മറച്ചിരിക്കുന്നുവെന്നും വാഹനം ഓടിക്കുന്നവര്‍ക്ക് ട്രാഫിക് സിഗ്നല്‍ കാണാതെ അപകടം പതിവാണെന്നുമാണ് റിപോര്‍ട്ടിലുള്ളത്.