കൊണ്ടോട്ടി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെ കൊണ്ടോട്ടിയില്‍ സംഘപരിവാര്‍ നേതൃത്വം നല്കിയ റാലിക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസും മുസ്ലിം ലീഗും. അയ്യപ്പഭക്തരുടേത് എന്ന തരത്തില്‍ സംഘപരിവാര്‍ നേതൃത്വം നല്കിയ റാലിക്കാണ് കോണ്‍ഗ്രസും ലീഗും അഭിവാദ്യമര്‍പ്പിച്ചത്.
‘അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ അയ്യപ്പ ഭക്തര്‍ക്ക് അഭിവാദ്യങ്ങള്‍’ എന്നു വിളിച്ചാണ് കോണ്‍ഗ്രസും ലീഗും റാലിയെ അഭിവാദ്യം ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം ആറിനാണ് അയ്യപ്പഭക്തരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘപരിവാര്‍ നേതൃത്വം നല്കിയ പ്രകടനം ആരംഭിച്ചത്. ഭജനചൊല്ലിയും സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചും ഭീഷണി മുഴക്കിയുമുള്ള പ്രകടനം കൊണ്ടോട്ടി ടൗണില്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസും ലീഗും ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ചത്.
പാര്‍ട്ടി പതാകകള്‍ കയ്യിലേന്തി പ്രകടനമായെത്തിയ കോണ്‍ഗ്രസ്- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ റോഡിന് ഇരുവശത്തും നിലയുറപ്പിച്ച് ‘അയ്യപ്പഭക്തരുടെ’ പ്രകടനത്തിന് അഭിവാദ്യമര്‍പ്പിക്കുകയായിരുന്നു.