തിരുവനന്തപുരം: മൊബൈല്‍ ആപ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ തലവന്‍ നാടുവിട്ടതായി സൂചന. ‘ഷുവര്‍ സ്പോട്ട് ‘ എന്ന ആപ് വഴി കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം ഈ സംഘത്തില്‍ ഉള്‍പ്പെട്ട കര്‍ണാടക ഹസന് ജില്ല നാങ്കനഹള്ളി സ്വദേശി മുഹമ്മദ് ജാബിറിനെ രണ്ടര കോടി രൂപയുടെ എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്താ ഫിറ്റമിന്‍) സഹിതം തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെയാണ് മംഗലാപുരം സ്വദേശിയായ പ്രധാനി മുങ്ങിയത്. കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി കൊച്ചിയില്‍ പിടിയിലായ യുവാവും ഷുവര്‍ സ്പോട്ട് ആപ്പ് ഗ്രൂപ്പില്‍ അംഗമാണ്. മയക്കുമരുന്ന് വില്‍പ്പനക്കായി മാത്രം തയ്യാറാക്കിയതാണ് ‘ഷുവര്‍ സ്പോട്ട’ ആപ്. സാധാരണ ആപ്പില്‍നിന്ന് വ്യത്യസ്തമാണിത്. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. മയക്കുമരുന്ന് ആവശ്യമുള്ളയാളാണെന്ന് ബോധ്യമായാലേ തുടരാന്‍ അനുവദിക്കൂ. ഗ്രൂപ്പിലെ പ്രധാനിക്ക് നമ്മുടെ ഫോണില്‍നിന്ന് ആപ്പ് അണ് ഇന്‍സ്റ്റാള്‍ ചെയ്യാനാകും.
പോലീസുകാരന് ഗ്രൂപ്പില്‍ ആള്‍മാറാട്ടം നടത്തിയാണ് ഒരാളെ കണ്ടെത്തിയത്. 8000 രൂപ നല്കി പോലീസുകാരന് ആദ്യം അര ഗ്രാം എംഡിഎംഎ വാങ്ങി. പിന്നീട് 250 ഗ്രാമിന് ഓര്‍ഡര്‍ നല്കി. പണമിടപാട് നേരിട്ട് നടത്താമെന്നും ആവശ്യപ്പെട്ടു. അവരെ വിശ്വാസിപ്പിക്കാനായി നോട്ട് കെട്ടിന്റെ ഫോട്ടോ അയച്ചുകൊടുത്തു. ഇതോടെ 250 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ജാബിര്‍ തലസ്ഥാനത്തെത്തി. അവിടെ കാത്തിരുന്ന പോലീസ് അയാളെ പിടികൂടുകയായിരുന്നു