കോട്ടയം: ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് അധികാരികളെല്ലാം കനത്ത ജാഗ്രതയിലാണ്. അതേസമയം, തമിഴ്നാട്ടില്‍ കനത്ത മഴ പെയ്യുമ്പോള്‍ മലയാളികളുടെ ഉള്ളിലിപ്പോള്‍ ചങ്കിടിപ്പ് കൂടും. തമിഴ്നാട്ടില്‍ മഴ പെയ്യുമ്പോള്‍ മുല്ലപ്പെരിയാറിനെപ്പറ്റി ആശങ്ക വേണോ? വേണം.
തമിഴ്നാട്ടിലല്ല മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശം, കേരളത്തില്‍ മാത്രമാണ് മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശം. എന്നിട്ടും കേരളം ആശങ്കപ്പെടണം കാരണം; മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കുന്നത് തമിഴ്നാടാണ്.
ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും. മുല്ലപ്പെരിയാറില്‍ നിന്നും കുമളി ഇറച്ചിപ്പാലം വഴി കൊണ്ടുപോകുന്ന വെള്ളം തമിഴ്നാട്ടിലെ പെരിയാര്‍ വൈദ്യുതി നിലയത്തില്‍ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിച്ചിട്ട് ചുരുളികള്‍ വഴി വൈഗ ഡാമില്‍ എത്തിക്കും. അവിടെ നിന്നും ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും വെള്ളം ഒഴുക്കുന്നു.
തമിഴ്നാട് ഭാഗത്ത് മഴ നന്നായി പെയ്താല്‍ മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം എടുക്കില്ല. കേരളത്തില്‍ വലിയ മഴ പെയ്യുമ്പോള്‍ തമിഴ്നാട്ടില്‍ പെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പശ്ചിമ ഘട്ടത്തിന്റെ കിഴക്കു ഭാഗമായ തമിഴ്നാട്ടിലെ തേനി, കന്പം മലനിരകളില്‍ മഴ പെയ്യുന്പോള്‍ ഇപ്പുറത്ത് കേരളത്തിലെ വനങ്ങളിലും മഴകിട്ടും. അതായത് പശ്ചിമ ഘട്ടത്തില്‍ മഴ പെയ്ത് തമിഴ്നാട്ടില്‍ ഡാമുകള്‍ നിറയുന്നതിനൊപ്പം ഇപ്പുറത്തുള്ള മുല്ലപ്പെരിയാറിലും വെള്ളമെത്തും. ഡാം നിറയും.
ഡാം നിറയാതിരിക്കണമെങ്കില്‍ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകണം. അതുണ്ടാകാതിരിക്കുമ്പോള്‍ കേരളം ആശങ്കയിലാകും. ഓഗസ്റ്റ് 15, 16 രാത്രികളിലേതുപോലെ മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞു ഇടുക്കിയിലേക്ക് വന്‍തോതില്‍ വെള്ളം ഒഴുക്കി വിട്ടതുപോലുള്ള അനുഭവങ്ങളാണ് കേരളത്തെ പേടിപ്പിക്കുന്നത്. ഈ ദിവസങ്ങളിലും സ്ഥിതി അങ്ങനെ തന്നെ.
മുല്ലപ്പെരിയാറില്‍ ദിവസം രണ്ടടി വീതം വെള്ളം കൂടുന്നു. സെക്കന്‍ഡില്‍ 8,000 ഘനയടി വെള്ളം ഡാമില്‍ എത്തുമ്പോള്‍ 1,627 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അതിനാല്‍, മുല്ലപ്പെരിയാര്‍ ഡാം നിറയുന്നു. 130-ലേറെ വര്‍ഷം പഴക്കമുള്ള ഡാമായതിനാല്‍ ആശങ്കയ്ക്ക് ബലം കൂടും.