തിരുവനന്തപുരം: കേരള മോട്ടോര്‍ വാഹനചട്ടത്തില്‍ സുപ്രധാനമായ ഭേദഗതി. ബാഡ്ജില്ലാതെ ഓട്ടോയും ടാക്സി കാറും ഇനി ലൈസന്‍സുള്ള ആര്‍ക്കും ഓടിക്കാം. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഭേദഗതി.
ഭേദഗതി ഉത്തരവില്‍ ബുധനാഴ്ച മന്ത്രി എ.കെ. ശശീന്ദ്രന് ഒപ്പുവെച്ചു. ടാക്സി സര്‍വിസ് നടത്തുന്ന ലൈറ്റ് ഗുഡ്സ്-പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള അനുമതി ലളിതമാക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനമിറക്കിയിരുന്നു. ട്രക്ക്, ബസ് തുടങ്ങി മീഡിയം, ഹെവി ഗുഡ്സ്-പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് മാത്രമേ ഇനി ബാഡ്ജ് ആവശ്യമുള്ളൂ.
നിലവില്‍ ലൈറ്റ് മോേട്ടാര്‍ വെഹിക്കിള്‍ ബാഡ്ജിന് ലൈസന്‍സ് കിട്ടി ഒരുവര്‍ഷം പൂര്‍ത്തിയാകണമെന്നാണ് വ്യവസ്ഥ. പൊതുവാഹനങ്ങള്‍ ഓടിക്കുന്നത് സംബന്ധിച്ച നിയമബോധവത്കരണവും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുമാണ് ബാഡ്ജിനുള്ളത്. പുതിയ ഭേദഗഗതിയോടെ ഇത് ഇല്ലാതാകും. കൂടുതല്‍ പേര്‍ക്ക് ഓട്ടോ-ടാക്സി മേഖലയിലേക്ക് കടന്നുവരാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.