തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്. അറബിക്കടലില്‍ ലക്ഷദ്വീപിനടുത്തായി രൂപപ്പെട്ട ന്യൂനമര്‍ദം ശനിയാഴ്ച വൈകുന്നേരമോ ഞായറാഴ്ച പുലര്‍ച്ചെയോ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. കാറ്റ് ലക്ഷദ്വീപില്‍ നിന്നകന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ കേരളത്തെ നേരിട്ട് ബാധിക്കില്ല.
എന്നാല്‍, ന്യൂനമര്‍ദം കാരണം കേരളതീരത്ത് ശക്തമായ കാറ്റുണ്ടാവാം. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ അതിശക്തമായ മഴയാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച 24 മണിക്കൂറില്‍ 21 സെന്റീമീറ്റര്‍വരെ പെയ്യാം. ഇത് കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും നേരത്തേതന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലര്‍ട്ട് ബാധകമാണ്. ഇടുക്കിയിലും മലപ്പുറത്തും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടുണ്ട്. റെഡ് അലര്‍ട്ടുള്ളയിടങ്ങളില്‍ അതിതീവ്ര മഴയും ഓറഞ്ച് അലര്‍ട്ടുള്ളിടങ്ങളില്‍ അതിശക്ത മഴയുമാണ് പ്രതീക്ഷിക്കുന്നത്.