തിരുവനന്തപുരം: വിഴിഞ്ഞത്ത് കസ്റ്റഡിയിലെടുത്ത റോഹിങ്ക്യന്‍ വിഭാഗക്കാരായ അഞ്ചംഗ കുടുംബത്തെ തിരിച്ചയച്ചു. ഹൈദരാബാദിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോലീസ് സംരക്ഷണത്തിലാണ് ഇവരെ തിരിച്ചയച്ചത്. ഇവിടെ നിന്നാണ് കുട്ടികളും ഒരു സ്ത്രീയുമടക്കമുള്ള കുടുംബം തൊഴില്‍ തേടി വിഴിഞ്ഞത്തെത്തിയത്.
തയ്യൂബ്, ഭാര്യ സഫൂറ, മകന് സഫിയാന്‍, സഹോദരന് അര്‍ഷാദ്, ഭാര്യാസഹോദരന്‍ അന്‍വര്‍ ഷാ എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഇവര്‍ തിരുവനന്തപുരത്തെത്തിയത്. മ്യാന്മറില് നിന്നും വനമാര്‍ഗ്ഗമാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് വര്‍ഷത്തോളമായി ഇവര്‍ ഹൈദരാബാദില്‍ കഴിഞ്ഞുവരികയായിരുന്നു. ഹൈദരാബാദില്‍ ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടാത്തതിനാലാണ് തീരപ്രദേശമായ വിഴിഞ്ഞത്തെത്തിയതെന്നാണ് കുടുംബം പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
വിഴിഞ്ഞത്തെ നിര്‍മാണക്കമ്പനികളെക്കുറിച്ച് സുഹൃത്തുക്കളില്‍ നിന്നറിഞ്ഞെന്നും ജോലി തേടിയെത്തിയതാണെന്നും തയ്യൂബ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മ്യാന്മറിലെ മ്യാവ് സ്വദേശികളാണ് അഞ്ച് പേരും. വന മാര്‍ഗമാണ് ഇന്ത്യയിലേക്കെത്തിയത്. ഇവരുടെ കൈവശം ഐക്യരാഷ്ട്രസഭ നല്കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.