ഇടുക്കി: സംസ്ഥാനത്ത് മഴ വീണ്ടും കനത്തതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിക്കുന്നു. കുറഞ്ഞ അളവിലാകും ജലം പുറത്തേക്ക് വിടുക. മുല്ലപെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു. അതി തീവ്രമായ മഴ പെയ്താല്‍ അണക്കെട്ട് നിറയുന്ന അവസ്ഥ വരും.
അങ്ങനെയാണെങ്കില്‍ ഇവിടെ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കി വിടേണ്ടി വരും. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴയൊന്നും നിലവിലില്ല. അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് നിലനില്‍ക്കുന്നത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെഎസ്ഇബി അധികൃതര്‍ ഇന്ന് ജില്ലാ കളക്ടറുമായി കളക്ടറേറ്റില്‍ യോഗം ചേരുന്നുണ്ട്. നീരൊഴുക്കും വരാന്‍ പോകുന്ന മഴയുമൊക്കെ പരിഗണിച്ചാകും ഷട്ടറുകള്‍ തുറക്കുന്ന കാര്യം പരിഗണനക്ക് വരിക.