ന്യൂഡല്‍ഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ പി.സി.ജോര്‍ജ് എംഎല്‍എ നേരിട്ടു ഹാജരാകുക തന്നെ വേണമെന്ന് ദേശീയ വനിതാ കമ്മിഷന് അറിയിച്ചു. ജോര്‍ജിനു വേണ്ടി അഭിഭാഷകന് ഹാജരായതില്‍ കമ്മിഷന് അതൃപ്തി രേഖപ്പെടുത്തി. ഈ മാസം 13-ന് നേരിട്ടു ഹാജരാകാന്‍ കമ്മിഷന് നിര്‍ദേശം നല്കി.
അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പി.സി.ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. കുറവിലങ്ങാട് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
ഐപിസി 509 -ാം വകുപ്പു പ്രകാരം എടുത്ത കേസില്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. അടുത്ത ദിവസം പി.സി. ജോര്‍ജിന്റെ മൊഴി എടുക്കും. അറസ്റ്റു ചെയ്താലും ജാമ്യം ലഭിക്കും. അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കു നിയമസഭാ സ്പീക്കറുടെ അനുമതി പൊലീസ് തേടും.
കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതില്‍ ദുഃഖമുണ്ടെന്നു പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കാണത്. വൈകാരികമായി നടത്തിയ പരാമര്‍ശത്തില്‍ ദുഃഖമുണ്ട്. എന്നാല്‍, മറ്റാരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.