വാഗമണ്‍: കുത്തനെയുള്ള ഇറക്കത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ബസ് ജീവനക്കാരന്റെയും യാത്രികരുടെയും ഒത്തൊരുമയിലും മനസ്സാന്നിധ്യത്തിലും വന്‍ ദുരന്തമാണ് ഒഴിവായത്. വാഗമണ്‍ കുമ്പങ്കാനം എസ്റ്റേറ്റിന് സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം. കട്ടപ്പനയില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്കാണ് നഷ്ടപ്പെട്ടത്.
വഴിയരികില്‍ നിന്ന സ്ത്രീ ബസ് നിര്‍ത്താന്‍ കൈകാണിച്ചതിനെ തുടര്‍ന്നാണ് ബ്രേക്ക് പോയ വിവരം ഡ്രൈവര്‍ക്കും മനസ്സിലായത്. ഉടന്‍ എയര്‍ ബ്രേക്ക് ഇട്ടുവെങ്കിലും ബസ് നിര്‍ത്താനായില്ല. ഇതിനിടെ ഓടുന്ന വണ്ടിയില്‍ നിന്ന് മുന്‍ ഭാഗത്തെ വാതിലിലൂടെ കണ്ടക്ടറും ഏതാനും യാത്രക്കാരും ചാടിയിറങ്ങി ബസിന്റെ പിന്‍വശത്തെ ടയറിന്റെ അടിയിലേക്ക് കല്ലുകള്‍ ഇടുകയും ചെയ്തു. ഇതോടെയാണ് ബസിന്റെ വേഗത കുറയ്ക്കാനായത്.
തുടര്‍ന്ന് ഡ്രൈവര്‍ റോഡരികിലെ കല്‍ക്കെട്ടിലേക്ക് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. 46 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞാറിനുസമീപം കുത്തിറക്കത്തില്‍ എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പോയിരുന്നു. കുത്തിറക്കത്തില്‍ ബ്രേക്ക് ചവിട്ടി പോകുന്ന വാഹനങ്ങളുടെ ബ്രേക്ക് സംവിധാനം ക്രമാതീതമായി ചൂടാകുന്നതാണ് ബ്രേക്ക് നഷ്ടപ്പെടാന്‍ കാരണമാകുന്നത്. ചെറു വാഹനങ്ങളും ഇവിടെ ഇത്തരത്തില്‍ അപകടത്തില്‍പ്പെടാറുണ്ട്.