കൊച്ചി: ആധാറിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ഇനി കടമ്പകളേറെ. പേര്, ജനനതിയതി, ലിംഗം തുടങ്ങിയ ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് ആധാര്‍ അതോറിറ്റി (യുഐഡിഎഐ) നിയന്ത്രണം ഏര്‍പ്പെടുത്തി. പേരുകള്‍ രണ്ടുതവണയും ജനനത്തീയതിയും ലിംഗവും ഒരുതവണയും മാത്രമേ ഇനി തിരുത്താന്‍ സാധിക്കൂ.
ജനനത്തീയതി തിരുത്തുന്നതിനാണ് കടുത്ത നിയന്ത്രണം ഉണ്ടാകുക. നിലവില്‍ ആധാര്‍ രേഖയില്‍ ചേര്‍ത്തിട്ടുള്ള പ്രായത്തില്‍ നിന്ന് ഒരു വയസ്സ് കൂട്ടാനോ കുറയ്ക്കാനോ അനുവദിക്കില്ല. പുതിയ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം ഇനിയുള്ള തിരുത്തലുകള്‍ വരുത്താനെന്ന് ആധാര്‍ അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
യുഐഡിഎഐ നിഷ്കര്‍ഷിച്ചതിനെക്കാള്‍ കൂടുതല്‍ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ അതോറിറ്റിയുടെ മേഖലാ ഓഫീസിലെത്തണം. കേരളത്തിലുള്ളവര്‍ ബംഗളൂരുവിലെ ഓഫീസില്‍ നേരിട്ടെത്തി തിരുത്തലുകള്‍ സാധൂകരിക്കുന്നതിനുള്ള തെളിവുകളടക്കം ഹാജരാക്കി അപേക്ഷിക്കണം.
അക്ഷയകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആധാര്‍ സേവന കേന്ദ്രങ്ങളിലെത്തി തിരുത്തല്‍ വരുത്താമായിരുന്ന സാഹചര്യത്തില്‍ നിന്നാണ് മേഖലാ ഓഫീസിലെത്തണമെന്ന നിബന്ധന വന്നിരിക്കുന്നത്. തിരുത്തലുകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷയിലോ തെളിവായി നല്കുന്ന രേഖകളിലോ എന്തെങ്കിലും സംശയം തോന്നിയാല്‍ അപേക്ഷകന്റെ പ്രദേശത്തും സര്‍ക്കാര്‍ ഓഫീസുകളിലും നേരിട്ടെത്തി പരിശോധനകള്‍ പൂര്‍ത്തീകരിച്ചശേഷം മാത്രമായിരിക്കും തിരുത്തലുകള്‍ക്ക് അനുമതി നല്‍കുക.