തിരുവനന്തപുരം: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വിഷയത്തില്‍ സമവായമുണ്ടാക്കുന്നതിന് സര്‍വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധി പെട്ടെന്നുതന്നെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കേണ്ടതില്ല. മുന്‍പുണ്ടായ പല കോടതിവിധികളും നടപ്പാക്കാതെയുണ്ട്. വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തിരക്കുകൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിനുള്ളത് അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. അഖിലേന്ത്യാ തലത്തില്‍ ബിജെപി ഭരണകൂടത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് സിപിഎമ്മുമായി സഹകരിക്കാമെങ്കില്‍ കേരളത്തിലും അതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. എന്നാല്‍ സിപിഎം അവരുടെ നിലപാട് വിശദീകരിക്കട്ടെ, അതിനു ശേഷം കോണ്‍ഗ്രസ് നിലപാട് പറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.