പന്തളം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി തിരുവിതാംകൂര്‍ രാജകുടംബാംഗം. അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ് ആണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടര്ന്ന് പോരുന്ന ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങും ഇതോടെ തകര്‍ക്കപ്പെടുമെന്നും അശ്വതി തിരുനാള്‍ പറയുന്നു.
ശബരിമലയില്‍ മഹാറാണി മൂലം തിരുനാള്‍ സേതു പാര്‍വ്വതിഭായി ദര്‍ശനം നടത്തിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മകള്‍ രംഗത്തെത്തിയത്. തന്റെ അമ്മ മലചിവിട്ടിയിട്ടുണ്ടെന്നും, അത് ഗര്‍ഭപാത്രം നീക്കം ചെയ്ത ശേഷവുമാണെന്നും അശ്വതി തിരുനാള്‍ പറയുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതായി ഇതുവരെ അറിവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്ത്രീ പ്രവേശനത്തില്‍ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. അകത്തളങ്ങളില്‍ കഴിയുന്ന ഭൂരിഭാഗം വീട്ടമ്മമാരും ശബരിമല സ്ത്രീപ്രവേശനം വേണ്ടെന്ന നിലപാടു സ്വീകരിക്കുമ്പോള്‍ മറ്റൊരു തലമുറ അവയെ സ്വാഗതം ചെയ്യുകയാണ്. ശബരിമല സ്ത്രീപ്രവേശനത്തില്‍ അന്തിമ നിലപാട് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം ദേവസ്വം ബോര്‍ഡ് അറിയിക്കും.