കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ വ്യാഴാഴ്ച കോടതി വാദം പൂര്‍ത്തിയാക്കിയിരുന്നു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം തള്ളിയത്.
ഫ്രങ്കോയ്ക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. കന്യാസ്ത്രീക്കെതിരെ ഉയര്‍ന്ന പരാതിയില്‍ നടപടി എടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്കുവാനുള്ള കാരണമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്. കേസ് ഡയറി ഉള്‍പ്പെടെ പരിശോധിച്ചാണ് ജാമ്യം കോടതി തള്ളിയത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് ദിവസത്തോളം ചോദ്യം ചെയ്തതിനു ശേഷമാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ബിഷപ്പ് ഇപ്പോള്‍ പാല സബ്ജയിലിലാണുള്ളത്.