തലശ്ശേരി: ആശുപത്രികളില്‍ പൊതുവെ കണ്ടു വരുന്നത് ഇളം പച്ച നിറത്തിലുള്ള വിരിപ്പുകളും തലയിണകളുമായിരിക്കും, എന്നാല്‍ പല നിറത്തിലുള്ള പുതപ്പുകള്‍ ഇറക്കാനുള്ള തത്രപാടിലാണ് തലശ്ശേരി ഗവ. ജനറല്‍ ആശുപത്രി. സഖാക്കള്‍ക്ക് ചുവപ്പും, ബിജെപിയ്ക്ക് കാവിയും, കോണ്‍ഗ്രസിന് ത്രിവര്‍ണ്ണവും, ലീഗിന് പച്ചയും ഇറക്കാനാണ് തീരുമാനം. ജനപങ്കാളിത്തത്തോടെ വികസനക്കുതിപ്പിന് ഒരുങ്ങാനാണ് ലക്ഷ്യമിടുന്നത്.
തലശ്ശേരി ഗവണ്മെന്റ് ജനറല്‍ ആശുപത്രിയെ സഹായിക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ മുന്നോട്ടുവച്ച വ്യവസ്ഥകളാണ് ഇത്. എന്നാല്‍ തല്ക്കാലം രോഗികളോട് അത്രയ്ക്ക് ‘കാരുണ്യം’ വേണ്ടെന്ന് ആശുപത്രി അധികൃതര്‍ തീരുമാനിച്ചു. സിപിഎം രോഗികള്‍ക്കു കാവിപ്പുതപ്പും ബിജെപിക്കാര്‍ക്കു ചുവപ്പു പുതപ്പും മറ്റും കിട്ടിയാലുണ്ടാകുന്ന പുകിലു കൂടി കണക്കിലെടുത്താണു തീരുമാനമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സിസേറിയനു വിധേയരായ വനിതകള്‍ക്കും നവജാത ശിശുക്കള്‍ക്കുമായി, ശീതീകരിച്ച ജനറല്‍ വാര്‍ഡ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച മെഡിക്കല്‍ ഐസിയുവും പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. പുരുഷന്മാരുടെ സര്‍ജിക്കല്‍ വാര്‍ഡ് നവീകരണവും പൂര്‍ത്തിയായി വരുന്നു. പുതിയ വാര്‍ഡുകളിലേക്ക് പുതപ്പുകളുമായി ഡിവൈഎഫ്ഐയാണ് ആദ്യത്തെ രാഷ്ട്രീയ സഹായവുമായി എത്തിയത്. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് എന്ന് ആലേഖനം ചെയ്ത 150 പുതപ്പുകള്‍ ഡിവൈഎഫ്ഐ എത്തിച്ചു. ചന്ദ്രക്കല പതിപ്പിച്ച പച്ചപ്പുതപ്പുകളുമായി തൊട്ടുപിന്നാലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തി.
സംഘടനയുടെ ചിഹ്നവും പേരും പതിപ്പിച്ച പുതപ്പുകള്‍ ഉടന്‍ എത്തിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രാദേശിക നേതാക്കളും സൂപ്രണ്ടിനെ അറിയിച്ചു. അതോടെ ധര്‍മ്മസങ്കടത്തിലായ ആശുപത്രി ഭരണ സമിതി (എച്ച്എംസി) കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്തു. ഇതിനകം വാഗ്ദാനം ചെയ്യപ്പെട്ട പുതപ്പുകള്‍ വാങ്ങാം, പക്ഷേ, സംഘടനകളുടെ പേരുകളും ചിഹ്നങ്ങളും മായ്ച്ച ശേഷമെ രോഗികള്‍ക്കു നല്‍കൂ എന്നാണു ഭരണസമിതി തീരുമാനം.
പാര്‍ട്ടി ചിഹ്നങ്ങള്‍ക്കു മീതെ ‘തലശ്ശേരി ജനറല്‍ ആശുപത്രി’ എന്നു പതിപ്പിച്ച ശേഷമാണ് ഉപയോഗിക്കുക. ഉറച്ച രാഷ്ട്രീയ പശ്ചാത്തലമുള്ള പ്രദേശമായതിനാല്‍, വ്യക്തമായ രാഷ്ട്രീയബന്ധമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണു തലശ്ശേരി ആശുപത്രിയിലെത്തുന്ന രോഗികളില്‍ വലിയൊരു പങ്കും. രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടു ചികിത്സയ്ക്കെത്തുന്നവരും കുറവല്ല. ഇത്തരം സാഹചര്യത്തില്‍, പുതപ്പിലും വിരിയിലും രാഷ്ട്രീയം കലര്‍ത്തുന്നതു കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കു വഴിവെയ്ക്കുമെന്ന് അധികൃതര്‍ ചൂണ്ടികാണിച്ചു.