തിരുവനന്തപുരം: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് അനുമതി നല്കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. സര്‍ക്കാരിന്റെ നയം തിരുത്തിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
വിശ്വാസം സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി ബിജെപി വിശ്വാസികള്‍ക്ക് ഒപ്പമുണ്ടാകും. ശബരിമലയില്‍ പോകുന്ന കമ്മ്യൂണിസ്റ്റ്കാരെ നിയന്ത്രിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വിഷയത്തില്‍ ബിജെപി ഔദ്യോഗിക നിലപാട് വ്യക്തമാക്കിയതോടെ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ സജീവമായിരിക്കുകയാണ്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ അനുവദിക്കണമെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ നിലപാട്. അയ്യപ്പന് സ്ത്രീ വിരോധിയല്ലെന്നും ആര്‍ത്തവം പ്രകൃതി നിയമമാണെന്നും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നും സുരേന്ദ്രന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസിനും ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണം എന്നാണ് അഭിപ്രായം.