തൃശൂര്‍: പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്ത സംഭവം അന്വേഷിക്കാന്‍ ഉത്തരവ്. ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയനാണ് സംഭവം അന്വേഷിക്കുക. സംഭവം അന്വേഷിക്കാന്‍ വനംമന്ത്രി കെ രാജു ഇന്നലെ നിര്‍ദേശിച്ചിരുന്നു.
വനം വകുപ്പ് മേധാവി കേശവനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെ രാജുവിന്റെ ഉത്തരവ്. ശനിയാഴ്ച തൃശ്ശൂര്‍ എരുമപ്പെട്ടിക്ക് സമീപമുള്ള പന്നിത്തടത്ത് വച്ച് നടന്ന വിവാഹത്തിന് അതിഥികളെ എത്തിക്കാനാണ് വനം വകുപ്പിന്റെ ജീപ്പുകള്‍ ദുരുപയോഗം ചെയ്തത്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 40 കി മീ ദൂരമുള്ള മണ്ഡപത്തിലേക്കാണ് സര്‍ക്കാര്‍ ജീപ്പ് നിരവധി തവണ ഓടിയത്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ആവശ്യത്തിന് കുറഞ്ഞ നിരക്ക് നല്കി ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ അനുവാദമുണ്ടെങ്കിലും വകുപ്പിന് കീഴിലുള്ള വാഹനങ്ങള്‍ വിളിച്ചുകൂട്ടി ട്രിപ്പടിക്കുന്നത് നിയമലംഘനമാണ്. എന്നാല്‍ നടപടി സാധാരണമാണെന്നാണ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് മുഹമ്മദ് നൗഷാദിന്റെ വിശദീകരണം.