കോട്ടയം: എംജി യൂണിവേഴ്സിറ്റി ക്യാംപസില്‍ മാരകായുധങ്ങളുമായി പത്തോളം പേരടങ്ങുന്ന ഫ്രറ്റേണിറ്റി സംഘമെത്തിയെന്ന് എസ്എഫ്ഐ. ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് എസ്എഫഐ പരാതി നല്‍കിയിട്ടുള്ളത്. അര്‍ധരാത്രിയോടെയായിരുന്നു ഇവര്‍ കോളേജ് ക്യാംപസില്‍ പ്രവേശിച്ചത്. സംഘത്തില്‍ ഭൂരിഭാഗവും പുറത്തു നിന്നെത്തിയ അക്രമികള്‍ ആയിരുന്നു.
പോസ്റ്റര്‍ പതിക്കാനെന്ന വ്യാജേന എത്തിയവരുടെ കൈയ്യില്‍ മൂര്‍ച്ചയേറിയ കത്തിയടക്കമുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന് എസ്എഫ്ഐ പറയുന്നു. മഹാരാജാസ് മോഡല്‍ മറ്റൊരു കൊലക്കളമാക്കുവാനുള്ള ശ്രമങ്ങളാണ് നടന്നിട്ടുള്ളതെന്ന് എസ്എഫ്ഐ ആരോപിച്ചു. മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി അരുണ്‍ കെഎം വ്യക്തമാക്കി.
ക്യാംപസിലുണ്ടായിരുന്ന എസ്എഫ്ഐയുടെ ബോര്‍ഡിന് മുകളിലും അടുത്തുമായാണ് ഫ്രറ്റേണിറ്റിയുടെ കൊടിതോരണങ്ങള്‍ കെട്ടിയിരിക്കുന്നത്. പോസ്റ്റര്‍ പതിക്കാനെന്ന വ്യാജേന മൂര്‍ച്ചയേറിയ കത്തിയുമായി ക്യാംപസില്‍ എത്തിയ ഇവരുടെ പ്രവര്‍ത്തിയില്‍ ദുരൂഹതയുണ്ടെന്നും അരുണ്‍ ആരോപിച്ചു. എംജിയില്‍ ഒക്ടോബര്‍ നാലിന് ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതില്‍ ഒരു സീറ്റിലേക്ക് ഫ്രറ്റേണിറ്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.